കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി : ഇസ്രായേലിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഇസ്രായേലിലാണ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ ബി.എ.1, ബി.എ 2 എന്നീ രണ്ട് ഉപ വകഭേദങ്ങള്‍ സ്ഥിരീകരിച്ചത്. ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം. ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് ഈ വകഭേദം കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ  പ്രസ്താവനയില്‍ പറഞ്ഞു.

ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പുതിയ വകഭേദം ആശങ്കപ്പെടുത്തുന്നതല്ലെന്ന് ഇസ്രായേല്‍ പാന്‍ഡമിക് റെസ്പോണ്‍സ് ചീഫ് സല്‍മാന്‍ സാര്‍ക്കയും പ്രതികരിച്ചു.

ഇസ്രായേലില്‍ ഇതുവരെ 1.4 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8,244 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 9.2 ദശലക്ഷം ജനസംഖ്യയിൽ നാല് ദശലക്ഷത്തിലധികം ആളുകൾ ബൂസ്റ്റര്‍ ഡോസടക്കം മൂന്ന് കൊവിഡ് വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ചതായാണ് വിവരം. ഒമിക്രോണ്‍ വകഭേദത്തിന്‍റെ അതിവ്യാപന പശ്ചാത്തലത്തില്‍ 60വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലാം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 

Comments (0)
Add Comment