വഴിയോര വിശ്രമ കേന്ദ്രങ്ങൾക്കായി സർക്കാർ ഭൂമി തുച്ഛമായ വിലയ്ക്ക് സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നു; സർക്കാരിന്‍റെ പുതിയ അഴിമതി പുറത്തുവിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ പുതിയ അഴിമതി പുറത്തുകൊണ്ടുവന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാൻ  കോടികൾ വിലയുള്ള സർക്കാർ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്.   മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനം ആയിട്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍റെ പ്രൊപ്പോസല്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക്  സ്ഥലം നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഐഒസിയുടെ മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം പാട്ട തുകയായി നല്‍കാം എന്ന് പറഞ്ഞപ്പോള്‍ അത് വേണ്ട എന്ന് തീരുമാനിക്കുകയും ഫെയര്‍ വാല്യൂവിന്‍റെ  അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാമെന്നാണ്  മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്.  പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കില്‍ ആണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം ആക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

കേരള സര്‍ക്കാരിന്‍റെ  റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം സര്‍ക്കാര്‍ വക ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കല്‍, പതിച്ചു നല്‍കല്‍, ഭൂ-സംരക്ഷണം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണ്.  ഈ ഉത്തരവ് നിലനില്‍ക്കെയാണ് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തുച്ഛമായ വിലക്ക് പാട്ടത്തിനു നല്‍കാനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പിന്‍റെ ഇത് സംബന്ധിച്ച ഫയല്‍ റവന്യൂ വകുപ്പിന്‍റെ  അഭിപ്രായത്തിന് അയച്ചപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് സംശയാതീതമായി റവന്യൂ മന്ത്രി തന്നെ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കുറുപ്പിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ്  പൊതുമരാമത്ത് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.  റവന്യൂ വകുപ്പ് മന്ത്രിയുടെ കുറിപ്പിനെ ധിക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയതെന്നും  റവന്യൂ മന്ത്രിയുടെ കുറിപ്പ് കാബിനറ്റില്‍ വച്ച് ഓവര്‍ റൂള്‍ ചെയ്തിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

പൊന്നുംവിലയുള്ള സര്‍ക്കാര്‍ ഭൂമി എന്ത് കൊണ്ട് പൊതുമേഖല സ്ഥാപനമായ ഐഒസിക്ക് നല്‍കി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാക്കിയില്ല എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി കൊടുക്കാന്‍ 50 മാസമായി ഇല്ലാതിരുന്ന തിടുക്കം ഇപ്പോള്‍ കാട്ടിയത് എന്തിനായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗ തീരുമാനമനുസരിച്ചാണെങ്കില്‍ മറ്റ് വകുപ്പ് മന്ത്രിമാരുടെ പ്രസക്തി എന്തെന്നും അദ്ദേഹം ചോദിച്ചു. ആരാണ് മുഖ്യന്ത്രിക്ക് വളരെ വേണ്ടപ്പെട്ട ഈ 14 പേരെന്ന് അറിയാന്‍ ഈ സഭയ്ക്ക് അതിയായ താല്‍പര്യമുണ്ട്. ഈ ഭൂമികച്ചവടത്തിന് പിന്നില്‍ നാറുന്ന കോഴക്കഥകള്‍ അധികാരത്തിന്‍റെ  ഇടനാഴികളില്‍ പാട്ടാണ്. അത് നിങ്ങള്‍ക്ക് ഭൂഷണമായിരിക്കും പക്ഷേ കേരള പൊതുസമൂഹം ഇതോര്‍ത്ത് ലജ്ജിക്കുകയാണ്. കോടികളുടെ അഴിമതി കഥ പിന്നാപ്പുറത്ത് പാട്ടായികേള്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ ഇറങ്ങിയ ഉത്തരവിനെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ്  വെല്ലുവിളിച്ചു.