സർക്കാരിന് വീണ്ടും ഉപദേഷ്ടാവ്; വിദേശിയായ ഉപദേഷ്ടാവിന്‍റെ ഓരോ വരവിനും ചെലവ് 10 ലക്ഷത്തിലധികം; നിയമനം ധനവകുപ്പിന്‍റെ എതിർപ്പിനെ മറികടന്ന്

Jaihind News Bureau
Wednesday, November 6, 2019

പിണറായി സർക്കാരിന് വീണ്ടും ഉപദേഷ്ടാവ്. സാമ്പത്തിക പ്രതിസന്ധിക്കിടെ പിണറായി സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടരുന്നു. വൈറോളജി ഡിപ്പാർട്ട്മെന്‍റിലാണ് പുതിയ ഉപദേഷ്ടാവിന്‍റെ നിയമനം. ഐയർലന്‍റിൽ നിന്നുള്ള വില്ല്യംഹാളിനെയാണ് മൈക്രോ ബൈയോളജിസ്റ്റ് ആയി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നതാണ്. ഓരോ തവണ കേരളത്തിൽ വന്ന് പോകുന്നതിന് 10 ലക്ഷത്തിലധികം ചെലവാണ് ഉണ്ടാവുക.

നിയമനം ധനവകുപ്പിന്റെ എതിർപ്പിനെ മറികടന്നാണ് സർക്കാർ ധൂർത്ത് തുടരുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ധനമന്ത്രിയുടെ എതിർപ്പ് മുഖ്യമന്ത്രി തള്ളുകയായിരുന്നു. രണ്ട് വർഷത്തേക്കാണ് നിയമനം.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോഴാണ് സർക്കാർ വീണ്ടും ധൂർത്ത് തുടരുന്നത്. ശാസ്ത്ര സങ്കേതിക വകുപ്പിൽ ഒരു ഉപദേഷ്ടാവ് നിലനിൽക്കെയാണ് ലക്ഷങ്ങൾ മുടക്കി മറ്റൊരാളെക്കൂടി നിയമിച്ചത്. ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി ഡിപ്പാർട്ട്മെന്റിലേക്കാണ് ഐയർലന്റുകാരനായ ഡോ: വില്ല്യം ഹാളിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. കേരളത്തിൽ എത്തുമ്പോൾ താമസത്തിനും മറ്റുമായി 3 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൂടാതെ വിമാനയാത്രക്കായി രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയും വകയിരുത്തി. ഓണറേറിയമായി മൂന്നര ലക്ഷം രൂപയും നൽകും. ഓരോ തവണ സംസ്ഥാനത്ത് വന്ന് പോകുന്നതിന് ആകെ 10 ലക്ഷത്തിലധികം രൂപയാണ് ചെലവ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇത്രയധികം തുക ചെലവഴിച്ച് ഒരു ഉപദേഷ്ടാവിനെക്കൂടി നിയമിക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി നിലപാടറിയിച്ചിരുന്നു.

എന്നാൽ ധനവകുപ്പിന്റെ എതിർപ്പ് മുഖ്യമന്ത്രി തള്ളുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം
ശാസ്ത്ര സാങ്കേതിക വകുപ്പ് നിയമന ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഉപദേശക നിയമനത്തിൽ സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് ലക്ഷങ്ങൾ ധൂർത്തടിച്ച് വീണ്ടും പുതിയൊരു ഉപദേശകനെ കുടി നിയമിച്ചിരിക്കുന്നത്.