ലക്ഷദ്വീപില്‍ വീണ്ടും പട്ടേലിന്‍റെ ‘പരിഷ്കാരം’ ; എയർ ആംബുലൻസിന് പ്രത്യേക സമിതിയുടെ അനുമതി വേണം

Jaihind Webdesk
Wednesday, May 26, 2021

കവരത്തി : ലക്ഷദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോടാ പട്ടേലിന്‍റെ പുതിയ ഉത്തരവ്. വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മാറ്റേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അഡ്മിനിസ്ട്രേറ്റർ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കിൽ രോഗികളെ കപ്പൽ മാർഗമേ മാറ്റാൻ സാധിക്കുകയുള്ളു.

കപ്പല്‍ മാർഗം 16 മണിക്കൂർ സഞ്ചരിച്ചാല്‍ മാത്രമേ കൊച്ചിയില്‍ എത്താന്‍ സാധിക്കു. നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കൽ ഓഫീസർക്ക് എയർ ആംബുലൻസിന് അനുമതി നൽകാൻ സാധിക്കുായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യം കൂടുതൽ സങ്കീർണാക്കുമുെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ദ്വീപിൽ വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ എംപി ഉൾപ്പെടെ ദ്വീപിലെ എല്ലാ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും.

അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുക, പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് ഭീമഹർജി നൽകാനുള്ള ഒരുക്കത്തിലാണ് ദ്വീപ് നിവാസികൾ. ഇതിനായുള്ള ഒപ്പു ശേഖരണം പുരോഗമിക്കുകയാണ്. ഹൈക്കോടതിയിലും സുപ്രീംകോടതിയുലുമായി നിയമനടപടികൾ സ്വീകരിക്കാനും ലക്ഷദ്വീപ് എംപിയും വിവിധ സംഘടനകളും ആലോചന തുടങ്ങിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർക്കെതിരേ ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ എൻസിപിയും തീരുമാനിച്ചിട്ടുണ്ട്.