തിരഞ്ഞെടുപ്പിനായി മോദി സര്‍ക്കാരിന്‍റെ ‘മുന്നൊരുക്കം’; തീയതികൾ പ്രഖ്യാപിക്കുന്നതിന് തലേന്നാള്‍ ധൃതിപിടിച്ച് ഉന്നതതല നിയമനങ്ങൾ…

Jaihind Webdesk
Tuesday, March 12, 2019

തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന്‍റെ തലേന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിൽ മോദി സർക്കാർ വലിയ തോതിൽ ഉന്നതതല നിയമനങ്ങൾ നടത്തിയതായി റിപ്പോർട്ട്. ജനതാ കാ റിപ്പോർട്ടർ എന്ന ഓൺലൈൻ പോർട്ടലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സുഭാഷ് ചന്ദ്രയെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടികൾ.

13 ഐആർഎസ് ഉദ്യോഗസ്ഥരെയാണ് എൻഫോഴ്‌സമെന്‍റ് ഡയറക്ടറേറ്റിൽ മോദി സർക്കാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുൻപ് നിയമിച്ചിരിക്കുന്നത്. ലളിത് മോദി, വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങിയ വിദേശത്തേയ്ക്ക് മുങ്ങിയ വായ്പ തട്ടിപ്പുകാരെ പിടിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട നടപടികളിൽ എൻഫോഴ്‌സ്‌മെന്‍റ് വലിയ തോതിൽ വിമർശനങ്ങൾ നേരിടുന്നതിന് ഇടയിലാണ് ഇത്.വായ്പാ തട്ടിപ്പുകാർക്കെതിരായ നടപടികളിൽ എൻഫോഴ്‌സ്‌മെന്‍റ് മെല്ലെപ്പോക്ക് നയം പിന്തുടരുന്നതായി വിമർശനം ഉയർന്നിരുന്നു.

ലളിത് മോദിയുടെ കാര്യത്തിൽ മുംബയ് പ്രത്യേക കോടതി എക്‌സ്ട്രാഡിഷൻ നടപടികൾക്ക് എൻഫോഴ്‌സ്‌മെന്‍റിന് അനുമതി നൽകിയിരുന്നു. എന്നാൽ ലളിത് മോദി ലണ്ടനിലുണ്ടെന്ന് വ്യക്തമായ അറിവുണ്ടായിട്ടും ഇഡി എക്‌സ്ട്രാഡിഷൻ അപേക്ഷ നൽകിയില്ല.

2009ൽ തന്നെ പണത്തട്ടിപ്പ് കേസുണ്ടായിരുന്നു. എന്നാൽ എട്ട് വർഷം കഴിഞ്ഞ് 2017ലാണ് ഇഡി ഇന്‍റർപോളിനെ ബന്ധപ്പെട്ട് റെഡ് കോർണർ നോട്ടീസ് ഇഷ്യു ചെയ്യാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്‍റർപോൾ ഇത് തള്ളി. ഇന്ത്യ ഇതുവരെ യുകെയ്ക്ക് എക്‌സ്ട്രാഡിഷൻ അപേക്ഷ നൽകിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കഴിഞ്ഞ മാസം എൻഫോഴ്‌സ്‌മെന്‍റ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകനുമായി ലളിത് മോദിയ്ക്കുണ്ടായിരുന്ന പണമിടപാടുകൾ സംബന്ധിച്ച് പുനരന്വേഷണം നടത്തുമെന്നാണ്.

നീരവ് മോദിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ രേഖകൾ യുകെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചില്ലെന്നുമാണ് ഇന്നലെ പുറത്തുവന്ന റിപ്പോർട്ട്. അതേസമയം, സുഭാഷ് ചന്ദ്രയുടെ നിയമനത്തിന് അപ്പോയിന്‍റ്‌മെന്‍റ് കമ്മിറ്റിയും കേന്ദ്ര മന്ത്രിസഭയും അംഗീകാരം നൽകിയത് വെള്ളിയാഴ്ചയാണ്. ഇതേ ദിവസം തന്നെ എൻഫോഴ്‌സ്‌മെന്‍റിൽ രണ്ട് ജോയിന്‍റ് ഡയറക്ടർമാരെ നിയമിച്ചു. കെ എസ് വി വി പ്രസാദും മോണിക്ക ശർമയും. ഇതിന് പുറമെ ഇഡി ജോയിന്‍റ്, അഡീഷണൽ ഡയറക്ടർമാരായി ആറ് പേരെ കൂടി നിയമിച്ചു. ഇതിൽ മൂന്ന് പേരെ നാല് വർഷത്തേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.[yop_poll id=2]