കൊവിഡിന്‍റെ മറവില്‍ റീബില്‍ഡ് കേരളയിലും അനധികൃത നിയമനത്തിനൊരുങ്ങി സര്‍ക്കാര്‍; വിരമിച്ച ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ നിയമിക്കാന്‍ നീക്കം

Jaihind News Bureau
Thursday, June 11, 2020

 

റീബില്‍ഡ് കേരളയില്‍ വിരമിച്ച ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരെ അനധികൃതമായി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. റീ ബില്‍ഡ് കേരളയില്‍ പുതുതായി ആരംഭിക്കുന്ന കൃഷിസെല്ലില്‍ പ്രധാന തസ്തികകളില്‍ ഇവരെ നിയമിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഉദ്യോഗസ്ഥരെ വലിയ ശമ്പളത്തില്‍ നിയമിക്കാനൊരുങ്ങുന്നത്.

റീബില്‍ഡ് കേരളയുടെ ഭാഗമായി കാര്‍ഷിക വികസനത്തിനും കയറ്റുമതിക്കും മുന്‍ഗണന നല്‍കുന്നതിനുവേണ്ടി രൂപീകരിക്കുന്ന സെല്ലിലേക്കാണ് അനധികൃത നിയമനം. സെല്ലിന്റെ തലവനായി റിട്ടയേര്‍ഡ് കാര്‍ഷിക വിദഗ്ധന്‍ തന്നെ വേണമെന്ന് റീ ഉത്തരവില്‍ പറയുന്നു. സെല്ലിനായി രണ്ട് വര്‍ഷത്തേക്ക് പരമാവധി 80 ലക്ഷം രൂപ വരെ ചെലവഴിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി വകുപ്പുകളില്‍ അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പ്പറത്തിയാണ് ഈ നീക്കം.

സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ആന്‍ഡ് ടീം ലീഡര്‍ എന്ന തസ്തികയിലേക്ക് നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ കൃഷിവകുപ്പില്‍ നിന്ന് ജോയിന്‍റ് ഡയറക്ടര്‍ തസ്തികയ്ക്ക് തുല്യമായ പദവിയില്‍ നിന്ന് വിരമിച്ച ആളായിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടൊപ്പം ഒരു അസിസ്റ്റന്‍റ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ആന്‍ഡ് കണ്‍വീനര്‍ എന്ന തസ്തികയിലേക്കും വിരമിച്ച ഉദ്യോഗസ്ഥനെ നിയമിക്കണം. ഇയാള്‍ക്ക് കൃഷിവകുപ്പിലെ ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലിരുന്ന പരിചയം വേണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് കൂടാതെ നാല് ചെറുപ്പക്കാരായ കൃഷി വിദഗ്ധരെയും നിയമിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

നവകേരള നിര്‍മിതിയുടെ  മറവില്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നതോടൊപ്പം ഇടത് അനുഭാവികളായ  വിരമിച്ച ഉദ്യോഗസ്ഥരെ  ഉയര്‍ന്ന ശമ്പളം നല്‍കി സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തസ്തികയിലേക്കായി  കാര്‍ഷിക സര്‍വ്വകലാശാലകളിലും കൃഷി വകുപ്പിലും നിലവില്‍  ധാരാളം വിദഗ്ധരുള്ളപ്പോഴാണ് കരാര്‍ വ്യവസ്ഥയില്‍ ഇഷ്ടക്കാരെ സര്‍ക്കാര്‍ തിരുകികയറ്റുന്നത്.

റീബില്‍ഡ് കേരളയ്ക്കായി ഓഫീസ് വാടകയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ആസ്ഥാനത്തിന് ലക്ഷങ്ങള്‍ നല്‍കി സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടക ക്കെടുത്തതിന് പിന്നാലെ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ മാസ വാടകയ്ക്ക് പുതിയ ഓഫീസെടുത്തതായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനായായിരുന്നു ഓഫീസ്.

പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന് തിരുവനന്തപുരത്തെ കേശവദാസപുരത്ത് ആദ്യം ഓഫീസ് കണ്ടെത്തിയെങ്കിലും സെക്രട്ടറിയേറ്റിന് അടുത്ത് വേണമെന്ന ആവശ്യം പരിഗണിച്ച് സാഫല്യം കോംപ്ലക്സിൽ പുതിയ ഓഫീസ് എടുക്കുകയായിരുന്നു.3229 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഓഫീസിന് സ്ക്വയർ ഫീറ്റിന് 40 രൂപ നിരക്കിൽ 1,29,000 രൂപ വാടകയാണ് പ്രതിമാസം നൽകിയിരുന്നത്. ഈ തീരുമാനം അംഗീകരിച്ചു കൊണ്ട് സർക്കാർ  ഉത്തരവും പുറത്തിറക്കിയിരുന്നു. റീ ബിൽഡ് കേരളയുടെ ആസ്ഥാനമായ ഓഫീസ് ഒരുക്കുന്നതിന് 88 ലക്ഷം രൂപയാണ് നേരത്തെ ചെലവാക്കിയത്.