അനധികൃത നിയമനം തുടര്‍ന്ന് സർക്കാർ; വിരമിച്ച ഇടത് അനുഭാവിയായ ഉദ്യോഗസ്ഥന് കെ.എസ്.ഐ.ഇയുടെ എം.ഡിയായി തുടർ നിയമനം; നടപടി ചട്ടങ്ങൾ മറികടന്ന്

Jaihind News Bureau
Sunday, June 28, 2020

 

സർക്കാർ സർവീസിൽ ഇടത് അനുഭാവികളുടെ നിയമനം തുടർന്ന് സർക്കാർ. ഭൂഗർഭജല വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഇയുടെ എം.ഡിയായി തുടർ നിയമനം നൽകി സർക്കാർ ഉത്തരവിറക്കി. കെ.എസ്.ഐ.ഇ യിൽ എം.ഡിയെ നിയമിക്കുന്നതിനുള്ള ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാരിന്‍റെ നടപടി.

ഭരണത്തിന്‍റെ അവസാന കാലയളവിൽ സർക്കാർ സർവീസുകളിൽ യോഗ്യതയില്ലാത്ത പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും നിയമിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും വീണ്ടും  നിയമനം തുടരുകയാണ്. കേരള സംസ്ഥാന വ്യവസായ സംരംഭ ബോർഡിന്‍റെ (കെ.എസ്.ഐ.ഇ ) എം.ഡിയായി ഭൂഗർഭജല വകുപ്പില്‍ നിന്നും വിരമിച്ച ജയകുമാരൻ പിള്ളയെയാണ് നിയമിച്ചിരിക്കുന്നത്.

മേയ് 31ന്  സർവ്വീസിൽ നിന്നും വിരമിച്ചെങ്കിലും ജയകുമാരൻ പിള്ളക്ക് കെ.എസ്.ഐ.ഇയുടെ എം.ഡി ആയി പുതിയ ചുമതല നല്‍കുകയായിരുന്നു.  പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിംഗ് ആന്‍ഡ് ഇന്‍റേണല്‍ ഓഡിറ്റ് പ്രകാരം അഭിമുഖം നടത്തി തയ്യാറാക്കുന്ന മതിയായ യോഗ്യതയുള്ളവരുടെ ലിസ്റ്റിൽ  നിന്നും അല്ലെങ്കില്‍ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെയോ ആണ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള എം.ഡിയായി തെരഞ്ഞെടുക്കുന്നത്. എന്നാൽ ഈ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പാർട്ടി അനുഭാവിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.

അതേസമയം കേരളസംസ്ഥാന വ്യവസായ സംരംഭ ബോർഡിന്‍റെ  പ്രധാന പ്രവർത്തന മേഖല തിരുവനന്തപുരത്തും, കോഴിക്കോടും വിമാനത്താവളങ്ങളിലെ എയർ കാർഗോ സെക്ഷൻ, കേരളാ സോപ്സ്, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷന്‍, സീ കാർഗോ തുടങ്ങിയ മേഖലയിലാണ്. എന്നാൽ ജയകുമാരൻ പിള്ളയ്ക്ക്  ഭൂഗർഭജല വകുപ്പിൽ
പ്രവർത്തിച്ച പരിചയം മാത്രമാണുള്ളത്.

കൂടാതെ നിലവിൽ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കെ.എസ്.ഐ.ഇക്ക് അനുയോജ്യനല്ലാത്ത വ്യക്തിയെ നിയമിക്കുന്നത് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനിൽപ്പു തന്നെ അവതാളത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ഇദ്ദേഹത്തിന് വിജിലൻസിൽ നിന്നും  ക്ലിയറൻസ് ലഭിക്കാത്തതു കൊണ്ടു തന്നെ മന്ത്രിസഭയുടെ അനുമതിയും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങൾ നിലനിൽക്കെയാണ് സിപിഎം നേതൃത്വം കൊടുക്കുന്ന യൂണിയന്‍റെ  പ്രവർത്തകനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയെന്നതും ശ്രദ്ധേയമാണ്.