പി എസ് സിയില്‍ നിയമന നിരോധനം നിലനില്‍ക്കെ പിന്‍വാതില്‍ നിയമനം തകൃതി; ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍, ഉത്തരവ് ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Saturday, June 13, 2020

pinarayi-vijayan

ഭരണ കാലയളവ് അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ കരാര്‍ നിയമനം സജീവമാക്കി പിണറായി സര്‍ക്കാര്‍.  പി എസ് സിയില്‍ അനിശ്ചിതകാല നിയമന നിരോധനം നിലനില്‍ക്കെയാണ് പിന്‍വാതിലിലൂടെ ഇടത് അനുഭാവികളെ തിരുകിക്കയറ്റുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നിയമനങ്ങള്‍ നടക്കുന്നത്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലാണ് അനധികൃത നിയമനം നടന്നിരിക്കുന്നത്.

തിരുവനന്തപുരം  പൗഡിക്കോണം സ്വദേശി നീന രവിയാണ് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി കരാര്‍ നിയമനങ്ങള്‍ക്കാണ് അണിയറയില്‍ കളമൊരുങ്ങുന്നത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് പരമാവധി കരാര്‍ നിയമനം നടത്താനാണ് നീക്കം. ഇതിനുള്ള പട്ടികയും തയ്യാറാക്കി കഴിഞ്ഞു.പി എസ് സി വഴി നിയമനം പരമാവധി വൈകിപ്പിച്ച് സഖാക്കളെ ഈ തസ്തികകളിലേക്ക് തിരുകിക്കയറ്റാനാണ് സര്‍ക്കാര്‍ നീക്കം.

റീബില്‍ഡ് കേരളയിലുള്‍പ്പടെ വിരമിച്ച ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ നടപടികള്‍. റീ ബില്‍ഡ് കേരളയില്‍ പുതുതായി ആരംഭിക്കുന്ന കൃഷിസെല്ലില്‍ പ്രധാന തസ്തികകളില്‍ ഇവരെ നിയമിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഉദ്യോഗസ്ഥരെ വലിയ ശമ്പളത്തില്‍ നിയമിക്കാനൊരുങ്ങുന്നത്.