ന്യൂഡല്‍ഹി: രാജ്യത്ത് ഇനി 20 രൂപ നാണയവും. 12 വശങ്ങളുള്ള നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കാഴ്ച പ്രശ്നങ്ങളുള്ളവര്‍ക്കു പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ളതാണു പുതിയ നാണയങ്ങള്‍. 10 രൂപ നാണയം പോലെ 27 മില്ലിമീറ്ററാണ് 20 രൂപയുടെയും വ്യാസം. 8.54 ഗ്രാം ആണു ഭാരം. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആണു നാണയം രൂപകല്പന ചെയ്തത്.
നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചായിരിക്കും നിര്‍മ്മിക്കുക. നടുവിലെ ഭാഗത്തിന് 75 ശതമാനം ചെമ്പു 20 ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ഉപയോഗിക്കും. അശോക സ്തംഭത്തിലെ സിംഹത്തലയാണു നാണയത്തിന്റെ മുഖവശം. സത്യമേവ ജയതേ, ഭാരത്, ഇന്ത്യ എന്നിവ ഇംഗ്ലിഷിലും ഹിന്ദിയിലുമായി ആലേഖനം ചെയ്യും.
രാജ്യത്തെ കാര്‍ഷിക പാരമ്പര്യം അടയാളപ്പെടുത്തുന്ന ചിത്രവും നാണയത്തിന്റെ മൂല്യവും രേഖപ്പെടുത്തും. 10 രൂപയുടേതു പോലെ അറ്റങ്ങളില്‍ പ്രത്യേക അടയാളങ്ങളുണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഒന്ന്, രണ്ട്, അഞ്ച്, 10 രൂപ നാണയങ്ങളുടെ പുതിയ സീരിസ് ഇറക്കാനും തീരുമാനിച്ചു.