ബന്ധുനിയമനം വീണ്ടും; പി.കെ ബിജുവിന്‍റെ ഭാര്യക്ക് കേരള സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ നിയമനം, അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി

Jaihind News Bureau
Sunday, March 15, 2020
തിരുവനന്തപുരം: സിപിഎം നേതാവും മുൻ എം പിയുമായ പി.കെ ബിജുവിന്‍റെ ഭാര്യക്ക് കേരള സർവകലാശാലയിൽ വഴിവിട്ട് നിയമനം നൽകിയെന്ന് ആരോപണം. അർഹതയുള്ള നിരവധി പേരെ പിന്തള്ളിയാണ് മുൻ എംപിയുടെ ഭാര്യയ്ക്ക് അസിസ്റ്റന്‍റ്  പ്രൊഫസർ തസ്തികയിൽ  നിയമനം നല്‍കിയിരിക്കുന്നത്. ഉത്തരകടലാസ് മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ മറ്റൊരു അധ്യാപികക്കും നിയമനം നൽകിയത് വിവാദമാവുകയാണ്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ്  യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി  നൽകി.
പി കെ ബിജുവിൻ്റെ  ഭാര്യ വിജിയെ കേരള സർവകലാശാല ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായാണ് നിയമിച്ചിരിക്കുന്നത്. ലോ അക്കാദമിയിലെ അധ്യാപിക സി.കെ രാകേന്ദുവിന്‍റെ നിയമനവും വിവാദത്തിലായിരിക്കുകയാണ്. വിദ്യാർഥികളുടെ ഉത്തരകടലാസ് മൂല്യനിർണായത്തിൽ വീഴ്ച വരുത്തിയതിന് സർവകലാശാല  ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. ഉയർന്ന യോഗ്യതയുള്ള പലരേയും പിന്തള്ളിയാണ്  രാകേന്ദുവിന്‍റെ നിയമനമെന്നും പരാതിയിലുണ്ട്.
ഈ നിയമനങ്ങളിൽ സമഗ്രമായ  അന്വേഷണം വേണമെന്നാണ് ആവശ്യം. നിയമനം നടന്ന 29  അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ  തസ്തികകളിൽ ഇരുപതിലും  ഉയർന്ന യോഗ്യത മാനദണ്ഡങ്ങൾ തള്ളിക്കളഞ്ഞ് രാഷ്ട്രീയ സ്വാധീനത്തിന്‍റെ  അടിസ്ഥാനത്തിൽ നിയമങ്ങൾ നടത്തിയെന്നാണ് ആരോപണം. അഭിമുഖത്തിനെത്തിയ പലർക്കും അവസരം നിഷേധിച്ചെന്നും പരാതിയിലുണ്ട്.