അനധികൃത നിയമനങ്ങള്‍ തുടരുന്നു; വിരമിച്ച, അഴിമതി ആരോപണം നേരിടുന്നയാള്‍ക്ക് ഉന്നത പദവിയില്‍ കനത്ത ശമ്പളത്തില്‍ നിയമനം

B.S. Shiju
Wednesday, October 23, 2019

ചട്ടങ്ങൾ കാറ്റിൽ പറത്തി വീണ്ടും സർക്കാരിന്റെ അനധികൃത നിയമനം. സർവീസിൽ നിന്നു വിരമിച്ച് വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന ആളെയാണ് ഉന്നത പദവിയിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ആളെയാണ് ഹൗസിങ് ബോർഡിലെ ചീഫ് എൻഞ്ചിനീയറായി നിയമിച്ചത്.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും സർക്കാരിന്റെ അനാവശ്യ ധൂർത്ത് തുടരുകയാണ്. അഞ്ച് പേർക്ക് കാമ്പിനറ്റ് പദവി നൽകിയതിന് പിന്നാലെയാണ് വീണ്ടും സർക്കാരിന്റെ അനധികൃത നിയമനം. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിലാണ് സർവീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥന് ഉന്നത പദവിയിൽ നിയമനം നൽകിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച കൃഷ്ണ കുമാറിനെ ഹൗസിങ് ബോർഡിലെ ചീഫ് എൻഞ്ചിനീയറായി നിയമിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത്. ഇയാൾ ഇപ്പോഴും വിജിലൻസ് കേസിൽ അന്വേഷണം നേരിടുകയാണ്. ഇതിനു പുറമേ ന്യനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലും വീണ്ടും അനധികൃത നിയമത്തിന് നീക്കം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

ഹൗസിംഗ് ബോർഡ്‌ വൻ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോഴാണ് സർക്കാരിന്റെ ഈ നീക്കം. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം അമ്പതോളം നിയമനങ്ങളാണ് ഇത്തരത്തിൽ നടന്നത്..തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഭവന നിർമ്മാണ ബോർഡ് അടച്ചു പൂട്ടന്നതിനെ കുറിച്ച് ഒരു ഘട്ടത്തിൽ സർക്കാർ ആലോചിചിരുന്നു. നഷ്ടത്തിൽ നിന്നു് കരകയറാൻ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇതു വരെ തയാറായിട്ടില്ല. പക്ഷേ നിയമനങ്ങളിൽ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധ.