കോഴിക്കോട് മെഡി. കോളേജിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക; എം.കെ. രാഘവൻ എംപിയുടെ ഉപവാസ സമരത്തിന് തുടക്കമായി

 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ എംപി നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് തുടക്കമായി. എം.കെ. മുനീർ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ ഉടൻ മരുന്ന് എത്തിക്കണം. അതിനായി മരുന്ന് വിതരണക്കാർക്ക് നല്‍കാനുള്ള എട്ടു മാസത്തെ കുടിശിക പെട്ടെന്ന് നൽകണം. അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും എം.കെ. മുനീർ പറഞ്ഞു.

75 കോടി രൂപ കുടിശിക ഇനത്തിൽ കിട്ടാനുള്ളതുകൊണ്ട് കഴിഞ്ഞ പത്താം തീയതി മുതൽ മരുന്ന് വിതരണക്കാർ ആശുപത്രിയിലേക്കുള്ള വിതരണം നിർത്തിവെച്ചിരുന്നു. ഇതോടെ നിർധനരായ രോഗികൾ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടിലാണ്. ഡയാലിസിസ് നടത്തേണ്ട രോഗികള്‍ പോലും മരുന്നില്ലാതെ ദുരിതത്തിലായി. സമരവേദിയിൽ ഫറൂഖ് സ്വദേശിയായ വയോധികനുള്ള 2000 രൂപയുടെ മരുന്ന് വിതരണവും നടന്നു.

Comments (0)
Add Comment