ബി.ജെ.പി അനുഭാവികളുടെ ദുബായിലെ ആഗോള ബിസിനസ് ഉച്ചകോടിക്ക് കാലി കസേരകള്‍ ! പ്രമുഖ വ്യവസായികള്‍ ആരും പങ്കെടുത്തില്ല

ദുബായില്‍ ബി.ജെ.പി – ആര്‍.എസ്.എസ് അനുഭാവികള്‍ സംഘടിപ്പിച്ച ആഗോള പ്രവാസീ ഭാരതീയ ഉച്ചകോടിക്ക് തണുത്ത പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഹം ഭീ ചൗക്കീദാര്‍ ഹേ’ എന്ന പേരില്‍ ഉച്ചകോടി നടത്തുമെന്നാണ് സംഘാടകര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ അവസാന നിമിഷത്തില്‍  ‘നയാ ഭാരത്’ എന്ന പേരിലായായിരുന്നു ഉച്ചകോടി . അതേസമയം ആയിരക്കണക്കിന് കാലി കസേരകളെ സാക്ഷിയാക്കി നടന്ന ബിസിനസ് ഉച്ചകോടിയില്‍ അറിയപ്പെടുന്ന വ്യവസായികളാരും പങ്കെടുത്തില്ല.

രാഷ്ട്രീയം ഇല്ലെന്ന് സംഘാടകര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ട ആഗോള പ്രവാസി ഭാരതീയ ബിസിനസ് ഉച്ചകോടിയുടെ ദുബായ് വേദിയാണിത്. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറബ് മണ്ണില്‍ പരസ്യമായി ജയ് വിളിച്ചായിരുന്നു ഇവരുടെ ആവേശം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത്തരത്തില്‍ ബി.ജെ.പി – ആര്‍.എസ്.എസ് അനുഭാവികള്‍ ഒത്തുകൂടിയത്. ‘ഹം ഭീ ചൗക്കീദാര്‍ ഹേ’ എന്ന പേരാണ് ഉച്ചകോടിയുടെ സംഘാടകര്‍ ആദ്യം ക്ഷണക്കത്തില്‍ അച്ചടിച്ചത്. എന്നാല്‍ ഇതോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പരിപാടിയുടെ പേരും രൂപവും സംഘാടകര്‍ മാറ്റിയെന്നും പറയപ്പെടുന്നു. തുടര്‍ന്ന് ‘നയാ ഭാരത്’ എന്ന സന്ദേശത്തിലായിരുന്നു ഈ ബിസിനസ് ഉച്ചകോടി. എന്നാല്‍ ഇന്ത്യയും യുഎഇയും തമ്മില്‍ വര്‍ഷങ്ങളായുള്ള വ്യാപാര-സൗഹൃദ ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രമുഖ വ്യവസായികള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല. മാത്രവുമല്ല, പ്രധാന സംഘാടകര്‍ സംസാരിക്കുമ്പോഴും ആയിരക്കണക്കിന് കസേരകള്‍ കാലിയായിരുന്നു.

ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരത്തില്‍ നടന്ന ബിസിനസ് ഉച്ചകോടി എന്തിനായിരുന്നു എന്ന ചോദ്യം, ബി.ജെ.പി അനുഭാവികള്‍ക്കിടയിലും ഉയരുകരാണ്. മാത്രവുമല്ല, ഒരു ആഗോള നിലവാരത്തിലുള്ള ബിസിനസ് ഉച്ചകോടിയുടെ ഒരു സ്വാഭാവ രീതികളും ഇവിടെ കാണാനായില്ല. നരേന്ദ്ര മോദിയുടെ സുഹൃത്ത് കൂടിയായ സ്വാമി പരമാത്മാനന്ദ സരസ്വതി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബി.ജെ.പിക്ക് നല്‍കുന്ന ഓരോ വോട്ടും നവഭാരത സൃഷ്ടിക്കാണെന്ന മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളെ അര്‍ഥമാക്കുന്ന ‘നയാ ഭാരത്’ എന്ന പേര് ഈ പ്രത്യേക പരിപാടിക്കായി തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.

https://www.facebook.com/jaihindtvmiddleeast/videos/2238663906451430/

bjp rss global business summit
Comments (0)
Add Comment