നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാർ 67-ൽ നിന്ന് 17 ആയി, മലയാളി ശ്രീനന്ദ് ഷർമിൽ മാത്രം

 

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണിത്. ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു.

ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയിൽ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഡോക്ടർ ദമ്പതിമാരായ കണ്ണൂർ പൊടിക്കുണ്ട് ‘നന്ദന’ത്തിൽ ഷർമിൽ ഗോപാലിന്‍റെയും പ്രിയ ഷർമിളിന്‍റെയും മകനാണ് ശ്രീനന്ദ് . കണ്ണൂർ ചിന്മയ വിദ്യാലയത്തിലായിരുന്നു 10-ാം തരംവരെ പഠനം. പ്ലസ് ടു മാന്നാനം കുര്യോക്കാസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ. ഇവിടെത്തന്നെയായിരുന്നു നീറ്റ് പരീക്ഷാപരിശീലനവും.

നേരത്തെ കേരളത്തിൽ നിന്ന് ശ്രീ നന്ദുള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു. എന്നാൽ പുതുക്കിയ ഫലത്തിൽ ഒരാൾക്ക് മാത്രമാണ് ഒന്നാം റാങ്ക് ലഭിച്ചത്. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേർ ഉണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി. ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദങ്ങളും തലപൊക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള നിരവധി ക്രമക്കേടുകള്‍ ചൂണ്ടികാട്ടി വന്‍പ്രതിഷേധം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികൾ സുപ്രീം കോടതി മുമ്പാകെ എത്തിയിരുന്നു. exams.nta.ac.in വെബ്സൈറ്റില്‍ ഫലമറിയാം.

 

 

Comments (0)
Add Comment