നീറ്റ് ചോദ്യപേപ്പർ ചോർച്ച; ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെ പോലീസ് ലാത്തിച്ചാർജ്; രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്ക്

 

ന്യൂഡല്‍ഹി: നീറ്റ് (NEET) പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് പ്രകോപനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേറ്റു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിന്‍റെ ഭാഗമായത്.

പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്കേറ്റത്. പാർലമെന്‍റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് ബാരിക്കേഡുകൾ അടക്കം മറികടന്ന് നേതാക്കളും പ്രവർത്തകരും മുന്നോട്ടുനീങ്ങി. ഇതിനുപിന്നാലെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.

നീറ്റ് ചോദ്യപേപ്പർ ക്രമക്കേട്, അഗ്നിവീർ പദ്ധതി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പോലീസിന്‍റെ ലാത്തിച്ചാർജിൽ പരുക്കേറ്റു.

Comments (0)
Add Comment