മോദി സർക്കാർ പരിക്ഷകളുടെ പവിത്രത നഷ്ടപ്പെടുത്തി; ആസൂത്രിത ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല; കെഎസ്‌യു മാർച്ചില്‍ സംഘർഷം

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ കളങ്കം ചാർത്തിയ എൻടിഎ ഡയറക്ടർ രാജിവെക്കുക, നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കോഴിക്കോട് എൻഐടിയിൽ പ്രതിഷേധിച്ചതിന്‍റെ പേരിൽ മുപ്പത് ലക്ഷത്തോളം രൂപ വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയ സംഘപരിവാർ നിലപാട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധതെരുവ് പരിപാടിയിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നരേന്ദ്ര മോദി സർക്കാർ പരീക്ഷകളുടെ പവിത്രത നഷ്ടപ്പെടുത്തിയെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോരുകയാണ്. ഗ്രേസ് മാർക്ക് നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർത്തു. പാർലമെന്‍റിനകത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സംഭവങ്ങളിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. പരീക്ഷകളുടെ സുതാര്യത തകർക്കുന്ന സമീപനത്തിനെതിരെ സംസ്ഥാനത്തുടനീളം സമരം ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യറും വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്‍റുമാരായ ഗോപു നെയ്യാർ, അൻവർ സുൽഫിക്കർ, സംസ്ഥാന ഭാരവാഹികളായ പി. സനൂജ്, നിതിൻ മണക്കാട്ടുമണ്ണിൽ, പ്രിയങ്ക ഫിലിപ്പ്, അൽ അമീൻ അഷ്റഫ്, സച്ചിൻ പ്രദീപ്,സിംജോ സാമുവേൽ, തൗഫീക്ക് രാജൻ, ആസിഫ് എം.എ., ജിഷ്ണു രാഘവ്, അതുല്യ ജയാനന്ദ്, ജെറിൻ ജേക്കബ് പോൾ, കൃഷ്ണകാന്ത്, നെസിയ മുണ്ടപ്പള്ളി, അമൃതപ്രിയ, സുദേവ് എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment