നീറ്റില്‍ യച്ചൂരിയുടെ നിലപാട് തള്ളി സര്‍ക്കാര്‍; പരീക്ഷ മാറ്റണമെന്ന് നിലപാടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

Jaihind News Bureau
Thursday, August 27, 2020

 

തിരുവനന്തപുരം: നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സര്‍ക്കാര്‍.  പരീക്ഷ മാറ്റണമെന്ന് നിലപാടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ഭീഷണി കണക്കിലെടുത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് സര്‍ക്കാരിന്‍റെ നടപടി. വിഷയത്തില്‍ കേന്ദ്രസർക്കാരും നിലപാട് മാറ്റിയിട്ടില്ല. പരീക്ഷകള്‍ വൈകിയാല്‍ അക്കാദമിക് വര്‍ഷം നഷ്ടമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര വ്യക്തമാക്കിയത്.

അതേസമയം കേന്ദ്രതീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധപരിപാടികള്‍. കേന്ദ്രസര്‍ക്കാരിന്‍റെ ഏകാധിപത്യപരമായ നടപടിയാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധിക്കുകയാണ്. എന്നാല്‍ പരീക്ഷാനടപടികളുമായി മുന്നോട്ടുപോവാനുള്ള തീരുമാനം ആശങ്കയുളവാക്കുന്നു. രോഗവ്യാപന സാധ്യത കൂടുതലായതിനാലും ഗതാഗത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും പരീക്ഷയ്‌ക്കെത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവും.

എന്നാല്‍ പരീക്ഷ നടത്തുമെന്ന തീരുമാനത്തിലൂടെ വലിയ മാനസിക സമ്മര്‍ദ്ദമാണ് കേന്ദ്രം കുട്ടികള്‍ക്ക് നല്‍കുന്നത്. അസ്സാമിലേയും ബിഹാറിലേയും വെള്ളപ്പൊക്കെ സാഹചര്യങ്ങള്‍ അവിടുള്ള വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു വെല്ലുവിളിയാണ്.-കെ. സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.