നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്ഭവന് മുന്നില്‍ കെഎസ്‌യു പ്രതിഷേധം, ജലപീരങ്കി

 

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും മത്സര പരീക്ഷകളുടെ വിശ്വസനീയത നഷ്ടപ്പെടുത്തിയ എന്‍ടിഎ (NTA) ഡയറക്ടർ ജനറലിനെ സർക്കാർ പുറത്താക്കണമെന്നാവശ്യപ്പെട്ടും
കെഎസ്‌യു (KSU) രാജ്ഭവനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷയുടെ മുഴുവൻ വിശ്വാസ്യതയും തകർന്നുവെന്നും ബിജെപിയുടെയും ഭരണകക്ഷികളുടെയും കറുത്ത കൈകൾ ഇതിൽ പിന്നിൽ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മത്സരപരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാർത്തിയ എൻടിഎ ഡയറക്ടർ ജനറലിനെ പുറത്താക്കുക, നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക, കോഴിക്കോട് എൻഐടിയിൽ പ്രതിഷേധിച്ചതിന്‍റെ പേരിൽ 30 ലക്ഷത്തോളം രൂപ വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയ സംഘപരിവാർ അനുകൂല നിലപാട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കെഎസ്‌യു രാജ്ഭവനു മുന്നിൽ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

Comments (0)
Add Comment