വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഏജൻസിയിൽ നിന്നുള്ള മൂന്നുപേരെയും കോളേജ് ജീവനക്കാരായ രണ്ടുപേരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. മറിയാമ്മ എസ്, മറിയാമ്മ കെ, ഗീതു, ബീന, ജ്യോത്സന എന്നിവരാണ് അറസ്റ്റിലായത്. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളും യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. യുഡിഎഫ് എംപിമാര്‍ പാർലമെന്‍റിലും വിഷയം ഉന്നയിച്ചിരുന്നു.

കൊല്ലം ആയൂർ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍‍ഡ് ടെക്നോളജിയില്‍ ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിൽ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ നടപടി തങ്ങളെ മാനസികമായി ഏറെ തളര്‍ത്തിയതായി വിദ്യാര്‍ത്ഥിനികൾ പറഞ്ഞു. ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ചടയമംഗലം പോലീസിന് പരാതി നല്‍കിയിരുന്നു.

Comments (0)
Add Comment