നീറ്റ് പരീക്ഷാ ക്രമക്കേട്; 13 പേര്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ നാല് വിദ്യാർത്ഥികളുമെന്ന് വിവരം

 

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 13 പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ 4 വിദ്യാര്‍ത്ഥികളുമുണ്ടെന്നാണ് വിവരം.  അതേസമയം ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ചോദ്യപേപ്പറുകള്‍ക്ക് വേണ്ടി നല്‍കിയതെന്ന് കരുതുന്ന ആറ് ചെക്കുകള്‍ കൂടി ബീഹാറില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളിലേക്ക് അന്വേഷണം നീളുകയാണ്.

അന്വേഷണം നടത്തുന്ന ബിഹാര്‍ ഇക്കണോമിക് ഒഫന്‍സ് യൂണിറ്റ്  ഒമ്പത് പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ ഒന്നിന് 30 ലക്ഷം രൂപ വരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് പരീക്ഷയുടെ തലേന്ന് പട്‌നയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ചോദ്യപേപ്പര്‍ ലഭിച്ചുവെന്നാണ് സൂചന. ഇവര്‍ നല്‍കിയ ചെക്കാണ് അറസ്റ്റിലായവരില്‍ നിന്നും കണ്ടെത്തിയത്.

24 ലക്ഷത്തിലധികം വിദ്യാർത്ഥികളായിരുന്നു രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയത്. ഇതിനകം അറസ്റ്റ് ചെയ്ത ബിഹാറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 13 പേർക്ക് പരീക്ഷ ചോദ്യപേപ്പറും ഉത്തരങ്ങളും മെയ് അഞ്ചിന് മുൻപുതന്നെ ലഭിച്ചതായാണ് സംശയം. പേപ്പർ ചോർച്ചയും പരീക്ഷയുടെ സമഗ്രതയെക്കുറിച്ചുള്ള ആശങ്കയും കാരണം പുതിയ പരീക്ഷ ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.

Comments (0)
Add Comment