നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലെ ബോസ് എന്നറിയപ്പെടുന്നയാള്‍ ഖത്തറിലെന്ന് സൂചന. അന്വേഷണ സംഘം ഇയാളെ ബന്ധപ്പെടാനുള്ള ശ്രമം തുടരുന്നു.
വായ്പ വാഗ്ദാനം ചെയ്ത് ഹരിതാ ഫിനാൻസ് നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം കൈമാറിയിരുന്നെന്ന് രാജ്കുമാർ പറഞ്ഞവ്യക്തിയെ കുറിച്ചാണിപ്പോള്‍ സൂചന ലഭിച്ചിരിക്കുന്നത്. ഖത്തറിലുള്ള മലപ്പുറം സ്വദേശി കെ.എം നാസറാണ് ഇയാളെന്നാണ് വിവരം. എന്നാൽ കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച രാജ്കുമാർ പറഞ്ഞതു പോലെ പണം ഇയാൾക്ക് കൈമാറിയതായി തെളിയിക്കുന്ന രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
ഭൂമി ഇടപാടുകളാണ് നാസറിനെ രാജ്കുമാറുമായി അടുപ്പിച്ചതെന്നാണ് വിവരം. ഇടപാടുമായി ബന്ധപ്പെട്ട് കിട്ടാൻ ഉണ്ടായിരുന്ന പണം നൽകാത്ത പേരിൽ രാജ്കുമാറിന്‍റെ ഭാര്യക്കെതിരെ നാസർ നൽകിയ വണ്ടിച്ചെക്ക് കേസിൽ ഇവർക്കായി കോടതിയിൽ ഹാജരായ അഭിഭാഷകനാണ് നാസറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം നൽകിയത്. ഈ കേസ് വാറന്‍റായതോടെ രാജ്കുമാർ ഭാര്യയുമായി കോടതിയിലെത്തി. എന്നാൽ കുമാറിന്‍റെ കൈവശം വക്കീൽ ഫീസ് നൽകാൻ പോലും പണമില്ലായിരുന്നെന്നും മൂന്ന് മാസം മുമ്പാണ് ഒരു ലക്ഷം രൂപ നൽകി നാസറുമായുള്ള കേസ് അവസാനിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
എന്നാൽ ആരോപണങ്ങളോട് നാസർ പ്രതികരിച്ചിട്ടില്ല. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ അന്വേഷണ സംഘം ശ്രമിച്ചു വരികയാണ്. ഹരിത ഫിനാൻസ് സ്ഥാപനത്തിന്‍റെ യഥാർത്ഥ ഉടമ നാസറാണെന്ന് രാജ്കുമാർ കൊല്ലപ്പെടും മുമ്പ് പറഞ്ഞിരുന്നതായും മൊഴിയുണ്ട്.