നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല 

Jaihind Webdesk
Thursday, June 27, 2019

Ramesh-Chennithala

തിരുവനന്തപുരം: നെടുങ്കണ്ടത്ത് റിമാന്റ് പ്രതി രാജ്കുമാര്‍ മരണമടഞ്ഞത് ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള ഗുരുതരമായ അന്തരിക മുറിവുകള്‍ കാരണമാണെന്ന് പോസ്റ്റ് മാര്‍ട്ടത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍  ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിഷ്ഠൂരമായ മര്‍ദ്ദനം പൊലീസ് നടത്തി എന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞെന്നും രണ്ടു കാലിലും ഗുരുതരമായ പരിക്കുകളേറ്റെന്നും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ന്യുമോണിയയാണ് മരണ കാരണം. തക്ക സമയത്ത് ചികിത്സ നല്‍കിയതുമില്ല. അതേ പോലെ ഈ മാസം 12 ന് കുട്ടിക്കാനത്ത് വച്ച് നാട്ടുകാരണ് രാജ്കുമാറിനെ പിടികൂടി പൊലീസിനെ ഏല്പിച്ചതെന്ന ദൃക്‌സാക്ഷി മൊഴിയും പുറത്തു വന്നിട്ടുണ്ട്. 15 നാണ് കസ്റ്റഡിയിലെടുത്തതെന്ന പൊലീസ് വാദം ഇതോടെ പൊളിയുകയാണ്. പൊലീസിന്റെ കള്ളത്തരം മുഴുവന്‍ പുറത്തു കൊണ്ടു വരാന്‍ കര്‍ക്കശമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.