കൊവിഡ് ആശ്വാസം ; രാജ്യത്ത് രണ്ട് വാക്സിനുകള്‍ക്ക് അനുമതി

Jaihind News Bureau
Sunday, January 3, 2021

ന്യൂഡല്‍ഹി : കൊവിഡിനെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡി.സി.ജി.ഐ. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച വാകിസിനാണ് കൊവിഷീല്‍ഡ്. ഭാരത് ബയോടെക്കാണ് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്.

വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തതിന് ശേഷമാണ് ഡി.സി.ജിഐ യോഗം വാക്സിന്‍ വിതരണം ചെയ്യാന്‍ അന്തിമ തീരുമാനമെടുത്തത്. ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡി.സി.ജി.ഐ അറിയിച്ചത്. കൊവിഷീൽഡ് ഡോസിന് 250 രൂപയും കൊവാക്സിന് 350 രൂപയുമാണ്കമ്പനി നിർദേശിച്ചിരിക്കുന്നത്. നിയന്ത്രിതമായ രീതിയിലാകും വാക്സിൻ വിതരണം നടത്തുക. കൊവിഷീൽഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി ഉള്ളതായി ഡി.സി.ജി.ഐ വ്യക്തമാക്കി. 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസിലാണ് വാക്സിനുകള്‍ സൂക്ഷിക്കേണ്ടത്. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. നിയന്ത്രിതമായ രീതിയിലാകും ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്‍റെ രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്.

അടിയന്തരഘട്ടങ്ങളിൽ പൂർണ പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിലും ചില വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകാൻ കഴിയുന്ന പുതിയ ഡ്രഗ്സ് & ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകൾക്കും നിലവിൽ അടിയന്തരഉപയോഗ അനുമതി നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്നുകോടി പേർക്കാണ് സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വർധന്‍ അറിയിച്ചിരുന്നു.