തൃശൂരില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ കുഴങ്ങി എന്‍.ഡി.എ

webdesk
Friday, March 22, 2019

Thushar-Vellappally

തൃശൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോഴും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് എൻ.ഡി.എ മുന്നണി. കെ സുരേന്ദ്രന്‍റെ പേരാണ് തുടക്കത്തിൽ കേട്ടിരുന്നെങ്കിലും ബി.ഡി.ജെ.എസിന് കൊടുത്ത സീറ്റിൽ തുഷാർ വെള്ളാപ്പള്ളിയുടെ പേരാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ ബി.ജെ.പി പ്രവർത്തകരും നിരാശയിലായിരിക്കുകയാണ്.

തൃശൂർ സീറ്റിൽ ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ മത്സരിക്കുമെന്നാണ് തുടക്കത്തിൽ കേട്ടിരുന്നത് എന്നാൽ പിന്നീട് സീറ്റ് ബി.ഡി.ജെ.എസിന് നൽകിയെന്നും തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകുമെന്നാണ് എൻ.ഡി.എ ക്യാമ്പുകളിൽ നിന്ന് ഉയർന്നുകേട്ടിരുന്നത്. അതേ സമയം തുഷാറിത് തൃശൂരിൽ മത്സരിക്കാൻ താല്‍പര്യമില്ലാത്തതും മുന്നണി നേതൃത്വത്തെ കുഴപ്പിച്ചിരിക്കുകയാണ്. തുഷാർ മത്സരിച്ചാൽ പരാജയപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ എസ്.എൻ.ഡി.പി വോട്ടുകൾ പോലും പെട്ടിയിലാക്കാൻ സാധിക്കില്ല എന്ന പേടി കൊണ്ടാണ് തുഷാർ രംഗത്ത് എത്താത്തത് എന്നും പ്രചരണമുണ്ട്. തുഷാർ ഇല്ലെങ്കിൽ മത്സരിക്കാൻ നല്ല സ്ഥാനാർത്ഥികൾ പോലും അവസ്ഥയിലാണ് ബി.ഡി.ജെ.എസ്.

മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം വൈകുന്നത് ബി.ജെ.പി പ്രവർത്തകർക്കും മടുപ്പ് വന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. മണ്ഡലത്തിൽ ആദ്യം പ്രചരണം ആരംഭിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെക്കാളും ഏറെ മുന്നിലെത്തിയിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ. ടി.എൻ പ്രതാപന് മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യതയും ഇടത്- എൻഡിഎ മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.