മൂന്നാം എന്‍ഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു; പ്രധാനമന്ത്രി പദത്തില്‍ മോദിക്ക് മൂന്നാമൂഴം

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ  72 അംഗങ്ങളാണ് മൂന്നാം എന്‍ഡിഎ സർക്കാരിലുള്ളത്. മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

നരേന്ദ്ര മോദിക്ക് ശേഷം രാജ്നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായാണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു അമിത് ഷാ. നിതിന്‍ ഗഡ്കരി നാലാമതും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ അഞ്ചാമതായും സത്യപ്രതിജ്ഞ ചെയ്തു.

ശിവരാജ് സിംഗ് ചൗഹാനും മന്ത്രിസഭയില്‍ ഇടം നേടി. കേന്ദ്ര മന്ത്രിയായി നിർമല സീതാരാമനും സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്നു നിർമല സീതാരാമന്‍. എസ്. ജയശങ്കറും മന്ത്രിസഭയില്‍ ഇടം നേടി. രണ്ടാം മോദി സർക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു എസ്. ജയശങ്കർ. കേന്ദ്ര മന്ത്രിയായി അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തു. മനോഹർ ലാല്‍ ഘട്ടർ, എച്ച്.ഡി. കുമാരസ്വാമി, പീയുഷ് ഗോയല്‍, ധർമ്മേന്ദ്രപ്രധാന്‍, നിതിന്‍ റാം മാഞ്ചി, ലലന്‍ സിംഗ്, പ്രള്‍ഹാദ് ജോഷി, ഗിരിരാജ് സിംഗ്, അശ്വിനി വെെഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്രയാദവ്, ഗജേന്ദ്ര സിംഗ് ഷെഖാവത്, അന്നപൂർണാ ദേവി, കിരണ്‍ റിജിജു തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

72 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാരും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 സഹമന്ത്രിമാരും ആണ് മന്ത്രിസഭയിലേക്കുള്ളത്. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി.

Comments (0)
Add Comment