ശശീന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം ; എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം രാജി വച്ചു

 

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എ.കെ ശശീന്ദ്രന് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ രാജി.  എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.എസ് പ്രകാശന്‍ രാജി വച്ചു. മാണി സി കാപ്പനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രകാശന്‍ പറഞ്ഞു.

ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എന്‍സിപിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ശശീന്ദ്രനെതിരെ കൊച്ചിയിലും എലത്തൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എലത്തൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍.

27 വര്‍ഷം എംഎല്‍എയും ഒരു പ്രാവശ്യം മന്ത്രിയുമായ ശശീന്ദ്രന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുക, എന്‍ സി പിയെ രക്ഷിക്കുക, ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍ സി പിയും എല്‍ഡിഎഫും മറക്കരുത് തുടങ്ങിയ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്. കെ. ശശീന്ദ്രന്‍ മല്‍സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഏലത്തൂരിലെ പോസ്റ്റര്‍. പകരം മണ്ഡലത്തില്‍ പുതുമുഖത്തെ കൊണ്ടു വരണം. മന്ത്രിപ്പണി കുത്തകയാക്കി വയ്ക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു .

Comments (0)
Add Comment