ശശീന്ദ്രനെതിരെ എന്‍.സി.പിയില്‍ അമർഷം പുകയുന്നു ; സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം

 

മന്ത്രി എകെ ശശീന്ദ്രനെതിരെ സംസ്ഥാന എൻ.സി.പിയിൽ പ്രതിഷേധം ശക്‌തം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ മന്ത്രി എ.കെ ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍.സി.പിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. എന്നാൽ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് എ.കെ ശശീന്ദ്രൻ.

ശശീന്ദ്രന് പാര്‍ട്ടി നിരവധി തവണ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ പുതുമുഖങ്ങളെ ഇറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സജീവ പ്രവര്‍ത്തകര്‍ പങ്കെടുത്ത ബ്ലോക്ക് കമ്മിറ്റി യോഗത്തിലാണ് ശശീന്ദ്രനെ മത്സരിപ്പിക്കേണ്ടതില്ലെന്ന കാര്യം ഇവര്‍ ഉന്നയിച്ചത്. ബാലുശേരി, നടുവണ്ണൂര്‍, പനങ്ങാട് പഞ്ചായത്തുകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് വിമര്‍ശനമുന്നയിച്ചത്.

മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടതിനുപിന്നാലെ പ്രശ്‌ന പരിഹാരത്തിന് ശശീന്ദ്രന്‍ ഇടപെട്ടില്ല എന്ന ആരോപണം എന്‍.സി.പിയില്‍ ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. പാലാ സീറ്റിനെച്ചൊല്ലി കാപ്പന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സമയത്തുതന്നെ ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എലത്തൂരില്‍ ശശീന്ദ്രന് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്.

ശശീന്ദ്രന്‍ ഏഴ് തവണ മത്സരിക്കുകയും അഞ്ച് തവണ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത ആളാണ്. അതുകൊണ്ട് യുവ മുഖങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അവസരം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ സി.പി.എമ്മിനോടും പിണറായി വിജയനോടും ചേർന്ന് നിൽക്കുന്ന എ.കെ ശശീന്ദ്രൻ മത്സരിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്.

Comments (0)
Add Comment