അവിടെ ഓഫീസ് ഉദ്ഘാടനം, ഇവിടെ കൂട്ടത്തല്ല്; പരസ്പരം ഏറ്റുമുട്ടി എന്‍സിപി നേതാക്കളും പ്രവർത്തകരും

Jaihind Webdesk
Saturday, September 18, 2021

ഇടുക്കി : തൊടുപുഴയിലെ എന്‍സിപി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ പരസ്പരം ഏറ്റുമുട്ടി നേതാക്കളും പ്രവര്‍ത്തകരും. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രവർത്തകരെ ആവേശം കൊള്ളിച്ചുപോയതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.

തൊടുപുഴയിലെ ഓഫീസ് തുറന്നു കൊണ്ടായിരുന്നു സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെ പ്രവേശനം. വലിയ വീട് വാടകക്കെടുത്ത് വൈദ്യുതി ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. ഓഫീസ് ഉദ്ഘാടനവും മീറ്റ് ദ പ്രസും കഴിഞ്ഞ് അധ്യക്ഷൻ പോയതിന് പിന്നാലെയാണ് സംഘട്ടനം തുടങ്ങിയത്. പണപ്പിരിവുമായി ബന്ധപ്പെട്ട് പുതിയ ജില്ലാ പ്രസിഡന്‍റിനെതിരെയായിരുന്നു രോഷപ്രകടനം. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പണം ലഭിക്കാനുള്ളവർ സംസ്ഥാന അധ്യക്ഷനെ പരാതി അറിയിച്ചെങ്കിലും തീരുമാനമായില്ല. ഇതാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

ഓഫീസ് ഉദ്ഘാടന ദിവസം തന്നെയുണ്ടായ  കലഹം നാളുകളായി എൻസിപിയിൽ പ്രവർത്തിക്കുന്നവരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പാർട്ടിയില്‍ കലഹം രൂക്ഷമായതോടെ നിരവധി പേർ പാർട്ടി വിടാൻ തയാറെടുക്കുകയാണ്. പാതിരാത്രിയിൽ നടന്ന സംഘട്ടന ദൃശ്യങ്ങൾ  പാർട്ടിക്ക് കൂടുതല്‍ തലവേദനയാകുമെന്നതില്‍ സംശയമില്ല.