നവ്യശ്രീയ്ക്ക് ഇനി സുരക്ഷിതമായി തലചായ്ക്കാം ; വീടൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, കൈകോർത്ത് നാട്ടുകാരും

 

കണ്ണൂർ: ദേശീയ കായികതാരമായ കണ്ണൂർ പയ്യാവൂരിലെ നവ്യശ്രീയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയാണ് വീട് നിർമിച്ചു നൽകുന്നത്. പൊളിഞ്ഞുവീഴാറായ പഴയ വീട് പൊളിച്ച് മാറ്റിയാണ് പുതിയ വീടിന്‍റെ നിർമ്മാണം. വടംവലി മത്സരത്തിൽ കേരള ടീമിന്‍റെ ക്യാപ്റ്റനായും മികച്ച താരമായും നവ്യശ്രീ ശ്രദ്ധ നേടിയിരുന്നു.

പഠനത്തിൽ മിടുക്കിയായ നവ്യശ്രീ നെടുങ്ങോം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു  വിദ്യാർത്ഥിനിയാണ്. വീട് പുനർനിർമ്മിക്കാനായി അധികൃതർക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിരസിക്കപ്പെട്ടു. നവ്യശ്രീയുടെയും കുടുംബത്തിന്‍റെയും ദുരിതജീവിതത്തെക്കുറിച്ച് പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കായികതാരത്തിന്‍റെ  ദുരിതജീവിതം നാടറിഞ്ഞത്.

പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് നിർമ്മാണത്തിനായി മുന്നിട്ടിറങ്ങി. നാട്ടുകാരും പൊതുപ്രവർത്തകരും ഒറ്റക്കെട്ടായി ജനകീയ കമ്മിറ്റിക്ക് രൂപം നൽകി പ്രവർത്തനങ്ങള്‍ക്കൊപ്പം ചേർന്നു. നിലവിലുള്ള വീട് പൊളിച്ചുമാറ്റി അതേ സ്ഥലത്താണ് പുതിയ വീട് നിർമ്മിക്കുന്നത്. കേരളത്തിന്‍റെ യശസ് ഉയർത്തിയ  നവ്യശ്രീയുടെ വീടിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരവധി പേർ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.  എത്രയും വേഗം വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നാട്ടുകാരുടെയും തീരുമാനം.

Comments (0)
Add Comment