ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ പുന്നല ശ്രീകുമാര്‍

Jaihind Webdesk
Saturday, November 16, 2019

സര്‍ക്കാരിന്റെ ശബരിമല യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയില്‍ ഭിന്നത. സുപ്രിംകോടതി വിധിയില്‍ വ്യക്തത വരുന്നതുവരെ യുവതീപ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണ്ടെന്ന നിലപാട് ശരിയല്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സര്‍ക്കാരും പാര്‍ട്ടിയും പുലര്‍ത്തുന്നതെന്ന് പുന്നല പറഞ്ഞു.

പുനഃപരിശോധന ഹര്‍ജികളില്‍ വിധി വരുന്നതുവരെ തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയിലെ സത്യവാങ്മൂലത്തിന് എതിരാണ്. യുവതി പ്രവേശനത്തിന് നിലവില്‍ സ്റ്റേ ഇല്ല. നിലവില്‍ കോടതി ഉത്തരവ് എഫക്ടിലാണ്. സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന സംരക്ഷണ സമിതിയെ ദുര്‍ബലപ്പെടുത്തുമെന്നും പുന്നല പറഞ്ഞു.

ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഗൗരവമേറിയതാണ്. നവംബറില്‍ കേസ് പരിഗണിക്കുമ്പോഴും സ്‌റ്റേ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചും നേരത്തെയുള്ള വിധിക്ക് സ്‌റ്റേ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ സുപ്രിംകോടതി ഉത്തരവുമായി വരണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ ലംഘനമാണ്. ഭരണഘടനാ പദവി വഹിക്കുന്ന ഭരണാധികാരി ഇത്തരത്തില്‍ പരാമര്‍ശിച്ചത് ഭരണഘടനാ ലംഘനവും നിയമലംഘനവുമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

മുമ്പ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും, ഇത്തവണ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. അങ്ങനെയൊരു സത്യവാങ്മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രാഷ്ട്രീയനേതൃത്വം ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത്, യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളെ ശരിവെക്കുന്നതാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.