നവീന്‍ പട്‌നായിക്കും കോണ്‍ഗ്രസ് പക്ഷത്തേക്ക്; ബി.ജെ.പിയെ തറപറ്റിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ രാഹുല്‍ രാഷ്ട്രീയത്തോട് അടുക്കുന്നു

Jaihind Webdesk
Thursday, December 27, 2018

ന്യൂദല്‍ഹി: ബി.ജെ.പി വിരുദ്ധ സഖ്യം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന രാഷ്ട്രീയക്കാഴ്ച്ചയാണ് ഈ ദിവസങ്ങളില്‍ പ്രകടമാകുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമായി ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനദാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായിക്കും കോണ്‍ഗ്രസ് പക്ഷത്തേക്ക് അടുക്കുന്നു. പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസിനെ കുടി ഉള്‍പ്പെടുത്തിയുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനാണ് ചന്ദ്രബാബു നായിഡു ശ്രമിക്കുന്നതെങ്കില്‍ കെ ചന്ദ്രശേഖര്‍ റാവു ബിജെപിയുടെ ബി ടീമായിട്ടാണ് കളിക്കുന്നത്. ഈ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കേ ചന്ദ്രബാബുനായിഡു ഇതിനകംതന്നെ നവീന്‍ പട്‌നായിക്കുമായി നിരന്തര ബന്ധത്തിലാണ്.

കെ ചന്ദ്രശേഖര്‍ റാവു ഭുവനേശ്വറില്‍ എത്തി നവീന്‍ പട്നായിക്കിനെ സന്ദര്‍ശിച്ച് ബിജെപി-കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്ക് പിന്തുണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് തന്റെ പ്രതിനിധി മുഖേന കൈമാറി. എംപി സൗമ്യ രഞ്ജന്‍ പട്നായിക്ക് ആയിരുന്നു പ്രതിനിധി.

തന്റെ പാര്‍ട്ടിയായ ബിജെഡി 2019ല്‍ ബിജെപി വിരുദ്ധമായ ഒരു സര്‍ക്കാര്‍ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. കുറവ് തെറ്റുകള്‍ ഉള്ള പാര്‍ട്ടിയെ പിന്തുണക്കുക എന്നതാണ് ആ നിലപാടെന്ന് സൗമ്യ രഞ്ജന്‍ പട്നായിക്ക് പറഞ്ഞു.

കെ ചന്ദ്രശേഖര്‍ റാവുവിന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സംശയങ്ങളുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ഫെഡറല്‍ മുന്നണി. നരേന്ദ്രമോദിയുമായും കഴിഞ്ഞദിവസം ചന്ദ്രശേഖരറാവു ചര്‍ച്ച നടത്തിയിരുന്നു.