വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ല; നവകേരള സദസിന് 3 ലക്ഷം അനുവദിച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത്

നവകേരള സദസിന് മൂന്ന് ലക്ഷം രൂപ അനുവദിച്ച തൃശൂര്‍ ജില്ലാ പഞ്ചായത്ത് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. വികസന പ്രവര്‍ത്തനങ്ങള്‍ക്കോ അടിയന്തരാവശ്യങ്ങള്‍ക്കോ പണം അനുവദിക്കാതെ സദസിന് പണം അനുവദിചെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നവകേരള സദസിലേക്ക് മൂന്നു ലക്ഷം കൈമാറാന്‍ തീരുമാനമെടുത്തത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചെലവ് 21 ശതമാനം മാത്രമാണെന്നും വികസന പദ്ധതികള്‍ക്ക് പോലും പണം അനുവദിക്കാനാവാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ഫണ്ടനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.സാമ്പത്തിക ബുദ്ധിമുട്ടു കാരണം വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി കിടക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തള്ളി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ജനസദസന്നും പ്രതിപക്ഷ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍. തീരുമാനത്തെ എതിര്‍ത്ത് വിയോജന കുറിപ്പെഴുതിയാണ് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപോയത്. വരുന്ന 4, 5, 6 തിയതികളിലാണ് ജില്ലയില്‍ നവകേരള സദസ് നടക്കുക.

Comments (0)
Add Comment