ദുര്‍ബലമായ എല്‍ഡിഎഫ് മുസ്ലീം ലീഗിനെ റാഞ്ചാന്‍ ശ്രമിക്കുന്നു; നവകേരള സദസില്‍ ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, November 19, 2023


ദുര്‍ബലമായ എല്‍ഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നവ കേരള സദസിന്റെ ബഹിഷ്‌കരണം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ ചെന്നിത്തല ലീഗ് എംഎല്‍എയെ നവ കേരള സദസില്‍ നിന്ന് വിലക്കിയത് കോണ്‍ഗ്രസാണെന്ന പിണറായിയുടെ ആരോപണത്തിനും മറുപടി പറഞ്ഞു. പിണറായി വിജയന്‍ ഒരാളുടെ കയ്യില്‍ നിന്ന് പോലും പരാതി വാങ്ങിയില്ലെന്നും നവകേരള സദസില്‍ ആര്‍ക്കും ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സാമ്പത്തികമായി കേരളം ഇതുപോലെ തകര്‍ന്നിട്ടില്ല.അഴിമതിയും കൊള്ളയും ധൂര്‍ത്തും നടത്തുന്നതാണോ നവകേരളം. സര്‍ക്കാരിന്റെ മെഷിനറി ദുരുപയോഗം ചെയ്താണ് നവകേരള സദസിന് ആളുകളെ എത്തിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന് നേതൃത്വം നല്‍കുന്നതും നിയന്ത്രിക്കുന്നതും കോണ്‍ഗ്രസാണ്. നവകേരള സദസ് ബഹിഷ്‌കരിക്കുന്നത് യുഡിഎഫിന്റ കൂട്ടായ തീരുമാനമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പിണറായി ലീഗ് എംഎല്‍യുടെ പേര് പറഞ്ഞത് തന്ത്രമാണ്. എല്‍ഡിഎഫിന് ഇനി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ല. അത് കൊണ്ടാണ് ലീഗിന്റെ പുറകെ പോകുന്നത്. ലീഗ് ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പമാണെന്ന് പറഞ്ഞ ചെന്നിത്തല, മുഖ്യമന്ത്രി അവകാശപ്പെട്ടത് പോലെ ഒരു യുഡിഎഫ് പ്രവര്‍ത്തകനും നവകേരള സദസിന് എത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.