നവകേരള സദസിനായി വീണ്ടും മതില്‍പൊളിച്ചു; ഇത്തവണ സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചത് പെരുമ്പാവൂരില്‍


നവകേരള സദസിനായി പരിപാടി നടക്കുന്ന സ്‌കൂളുകളുടെ മതില്‍ പൊളിക്കല്‍ തുടരുന്നു. എറണാകുളം പെരുമ്പാവൂരിലെ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗമാണ് പൊളിച്ചത്. നവകേരള സദസില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വഴിയൊരുക്കാനാണ് മതില്‍ പൊളിച്ചതെന്നാണ് ആരോപണം. വേദിയിലേക്കുള്ള പ്രധാന കവാടത്തിന് പുറമെയാണ് വേദിയുടെ അരികിലേക്ക് എത്താന്‍ കഴിയുന്ന രീതിയില്‍ സ്‌കൂള്‍ മൈതാനത്തിന്റെ തെക്കെ അറ്റത്തോട് ചേര്‍ന്നുള്ള ഭാഗത്ത് മതില്‍ പൊളിച്ചത്. അതേസമയം, മതില്‍ നേരത്തെ പൊളിഞ്ഞതെന്നാണ് സംഘാടക സമിതി വിശദീകരിക്കുന്നത്. സ്‌കൂള്‍ പിടിഎ ആണ് മതില്‍ പൊളിച്ച് ക്രമീകരണം ഒരുക്കിയതെന്നും സംഘാടക സമിതി ചെയര്‍മാന്‍ ബാബു ജോസഫ് പറഞ്ഞു. അതേസമയം, മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേതാക്കളാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന ബസ് കടന്നുവരുന്നതിനായി പ്രധാന വഴിയുണ്ടായിരിക്കെയാണ് ആളുകള്‍ക്ക് കടന്നുവരുന്നതിന് വേണ്ടിമാത്രമായി മതില്‍ പൊളിച്ചത്. ഇതേതുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചു.

Comments (0)
Add Comment