കേരളം കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പിആര്‍ അഭ്യാസം നാളെ മുതല്‍; കോടികള്‍ പൊടിക്കുന്ന ധൂര്‍ത്ത് പ്രതിപക്ഷം ബഹിഷ്‌കരിക്കും


മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസിന് നാളെ തുടക്കം. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികള്‍ കേള്‍ക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധി കാലത്തെ ധൂര്‍ത്തടക്കമുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യാത്ര. ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാഷ്ട്രീയ യാത്രകള്‍ കേരളം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മന്ത്രിസഭാ ഒന്നടങ്കം നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇറങ്ങുന്ന സര്‍ക്കാര്‍ പരിപാടി കേരള ചരിത്രത്തില്‍ ഇതാദ്യമാണ്. ഭരണത്തിന്റെ പള്‍സ് അറിയാന്‍ കേരളം കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പി ആര്‍ അഭ്യാസം കൂടിയാകും ഈ യാത്ര. ജനങ്ങളെ കേള്‍ക്കുന്ന നേരില്‍ കണ്ട് പരാതി സ്വകരിക്കുന്ന ഈ പരിപാടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തെ ജനസമ്പര്‍ക്കത്തിന്റെ കോപ്പിയടി അല്ലേ എന്ന് ചോദിച്ചാല്‍ അത് വേ ഇത് റേ എന്നാണ് സര്‍ക്കാരിന്റെ മറുപടി. ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ ജില്ലാ ഭരണകൂടം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി രാവിലെ 9 മണി മുതല്‍ പത്ത് വരെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കും. ശേഷം മണ്ഡലത്തിലേക്ക്. മുഖ്യമന്ത്രി എല്ലായിടത്തും പ്രസംഗിക്കും. റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വര്‍ഷക്കാലത്തെ സര്‍ക്കാര്‍ ലക്ഷ്യങ്ങളും അവതരിപ്പിക്കും. ഓരോ മണ്ഡല സദസ് വേദികളിലും പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടര്‍. ആവശ്യമെങ്കില്‍ മന്ത്രിമാരും പരാതികള്‍ കേള്‍ക്കും. വരുന്ന പരാതികളുടെ ഫോളോ അപ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏകോപിപ്പിക്കണം. സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് എത്തുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും.

Comments (0)
Add Comment