നവകേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ ചെലവാക്കിയ പണത്തിന് കണക്കില്ല; രേഖകള്‍ ലഭ്യമല്ലെന്ന് മറുപടി


നവ കേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ എത്ര രൂപ ചെലവാക്കി? പണം എവിടെ നിന്ന് ലഭിച്ചു? ഒന്നിനും അധികൃതര്‍്ക്ക് കണക്കില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍, ഇത് സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല എന്നാണ് ഭൂരിഭാഗം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം.ജില്ലാ കളക്ടര്‍ക്കായിരുന്നു കാസര്‍കോട് ജില്ലയിലെ നവകേരള സദസുകളുടെ നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജില്ലാ കളക്ടറേറ്റിലെ പി ജി സെക്ഷന്‍. നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുമ്പോഴും ചെലവാക്കിയ ഫണ്ട് സംബന്ധിച്ച് ഈ ഓഫീസില്‍ രേഖകളില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഉത്തരം.നവകേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ പൊതുജനങ്ങളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പണം പിരിച്ചിട്ടുണ്ടോ? എത്ര രൂപ ചെലവാക്കി? പണം പിരിക്കാനും ചെലവാക്കാനും ആരെയാണ് ചുമതലപ്പെടുത്തിയത്? ചെലവാക്കിയ പണം എവിടെ നിന്ന് ലഭിച്ചു? ചോദ്യങ്ങള്‍ക്കെല്ലാം ലഭിച്ചത് ഒരേ ഉത്തരം- ഇത് സംബന്ധിച്ച രേഖകള്‍ ഈ ഓഫീസില്‍ ലഭ്യമല്ല

എന്നാല്‍ കാസര്‍കോട് ജില്ലയിലെ ഓരോ മണ്ഡലത്തിലും നവകേരള സദസ് സംഘടിപ്പിക്കാന്‍ രൂപീകരിച്ച സംഘാടക സമിതിയുടെ വിവരങ്ങള്‍ കൃത്യമായി മറുപടിയിലുണ്ട്.വരവ് ചെലവുകളില്‍ വന്‍ അഴിമതി നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. നവകേരള സദസിന്റെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യാന്‍ സംവിധാനമുണ്ടോ? എന്ന ചോദ്യത്തിന് ഓഡിറ്റ് ചെയ്യണമെന്ന നിര്‍ദേശം ഇതുവരെ സര്‍ക്കാരില്‍ നിന്നും ഈ ഓഫീസില്‍ ലഭിച്ചിട്ടില്ല എന്നാണ് മറുപടി.നവ കേരള സദസിന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഫണ്ട് കണ്ടെത്തിയത് എങ്കില്‍ പോലും കൃത്യമായ കണക്കിലെങ്കില്‍ അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരുമെന്നാണ് ഉയരുന്ന വാദം.

Comments (0)
Add Comment