നവകേരള സദസില്‍ ഹയര്‍സെക്കന്‍ഡറി വരെയുളള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ക്ക് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. നവകേരളസദസിലേക്ക് ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന് സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവകേരള സദസിന് അഭിവാദ്യമാര്‍പ്പിക്കാനായി വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കും എന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചു. അതോടൊപ്പം തന്നെ നവകേരള സദസ്സിനു ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണം എന്നു നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ പിന്‍വലിക്കും എന്നും സര്‍ക്കാര്‍ കോടതിക്കു ഉറപ്പ് നല്‍കി.മേല്‍പറഞ്ഞ ഉത്തരവ് ചോദ്യം ചെയ്തു കാസര്‍ഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജ്ജി, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

Comments (0)
Add Comment