നവകേരള സദസിന് പിരിവ് നല്‍കിയില്ല, കോഴിക്കട അടപ്പിച്ചു; ആത്മഹത്യ ഭീഷണി മുഴക്കി വ്യാപാരിയും ഭാര്യയും

 

നവകേരള സദസിന് പിരിവ് നല്‍കാത്തതിന്റെ പേരില്‍ വ്യാജ പരാതി നല്‍കി കടയടപ്പിച്ചെന്ന് ഉടമയുടെ ആരോപണം. തൃശൂര്‍ കുറ്റൂരിലെ കോഴിക്കടയാണ് അധികൃതര്‍ അടപ്പിച്ചത്. ഗത്യന്തരമില്ലാതായതോടെ ഉടമ മണികണ്ഠനും ഭാര്യ ഷീബയും ആരോഗ്യ കേന്ദ്രത്തിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. നവകേരള സദസിന് തന്നോട് 10000 രൂപ പിരിവ് ആവശ്യപ്പെട്ടിരുന്നെന്നും നല്‍കാത്തതോടെ തനിക്കെതിരെ വ്യാജ പരാതി നല്‍കിയതാണെന്നുമാണ് മണികണ്ഠന്‍ പറയുന്നത്. പതിനൊന്ന് മാസം മുമ്പ് ആരംഭിച്ച സ്ഥാപനത്തിന് ലൈസന്‍സിനായി കോലഴി പഞ്ചായത്തില്‍ അപേക്ഷിച്ചത് നാലു തവണ. കാരണം പോലും പറയാതെ എല്ലാം അവഗണിച്ചു. പലകാരണങ്ങള്‍ പറഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പിഴയിട്ടത് 25000ത്തിനു മുകളില്‍. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കടയടക്കാന്‍ ആവശ്യപ്പെട്ട് എഴുത്ത് വന്നത്. ഗത്യന്തരമില്ലാതായതോടെ മണികണ്ഠനും ഭാര്യയും കഴിഞ്ഞ ദിവസം പെട്രോളുമായി ആരോഗ്യ കേന്ദ്രത്തിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് അന്ന് തന്നെ പരിശോധനയ്ക്ക് എത്താമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചിരുന്നെങ്കിലും നാളിതുവരെയായി എത്തിയില്ലെന്നാണ് മണികണ്ഠന്‍ പറയുന്നത്. പിരിവ് നല്‍കിയില്ലെങ്കിലുള്ള ഭീഷണി മുമ്പും ഉണ്ടായിരുന്നുന്നെന്നും ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും മണികണ്ഠന്‍ പറയുന്നുണ്ട്. പഞ്ചായത്തിലെ മറ്റു കടകള്‍ക്ക് നേരേ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും തനിക്കെതിരെ മാത്രമാണ് ശത്രുത മനോഭാവം എന്നും മണികണ്ഠന്‍ പറയുന്നു. എന്നാല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം നിയമാനുസൃത നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

Comments (0)
Add Comment