പരിഹാരമാകാതെ പരാതികള്‍; നവകേരള സദസ് ഉപയോഗിച്ചത് രാഷ്ട്രീയ പ്രചാരണത്തിന്

തിരുവനന്തപുരം: നവകേരള സദസിൽ 6 ലക്ഷത്തിലേറെ പരാതികൾ ലഭിച്ചെങ്കിലും സർക്കാരിന് തീർപ്പാ ക്കാനായത് നാമമാത്രമായ പരാതികൾ മാത്രം. നവകേരള സദസിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് ഇതുവരെ സർക്കാരിന്‍റെ മുന്നിലെത്തിയത് 6,21,167 പരാതികളാണ്. ജനുവരി ആദ്യം എറണാകുളത്തെ പര്യടനം കൂടി നടക്കുമ്പോൾ പരാതികളുടെ എണ്ണം ഇനിയും കൂടും. പരാതി കൂമ്പാരം ഉണ്ടായിട്ടും ഇതിൽ എത്ര എണ്ണത്തിന് തീർത്തു കൽപ്പിക്കാനായി എന്ന വലിയ ചോദ്യം അവശേഷിക്കുകയാണ്. ഇതിന് ഉത്തരം നൽകുവാൻ സർക്കാരിന്‍റെ കയ്യിൽ വ്യക്തമായ കണക്കുമില്ല. ലഭിച്ചതിൽ നാമമാത്രമായ പരാതികൾ മാത്രമാണ് സർക്കാരിന് ഇത് വരെ തീർപ്പാക്കാനായത്. അതിൽ പലതും പൂർണ്ണമായി പരിഹരിക്കാനും കഴിഞ്ഞിട്ടില്ല.

മന്ത്രിസഭ 36 ദിവസം കേരള പര്യടനം നടത്തിയപ്പോൾ ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. മലപ്പുറത്തേെ 16 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്ന് 80,885 പരാതികളാണ് ലഭിച്ചത്. ഇതിൽനിന്ന് കേവലം ആയിരം പരാതികൾക്ക് പോലും പരിഹാരം കണ്ടെത്തുവാൻ ആയിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മലപ്പുറം കഴിഞ്ഞാൽ പാലക്കാട് നിന്നാണ് സർക്കാറിനു മുന്നിൽ പരാതി പ്രവാഹം ഉണ്ടായത്. പാലക്കാട്ടെ 12 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 61204 പരാതികളാണ് ലഭിച്ചത്. കൊല്ലത്ത് നിന്ന് 50938 ഉം പത്തനംതിട്ടയിൽ നിന്ന് 23,610 ഉം, ആലപ്പുഴയിൽ നിന്ന് 53,044 ഉം പരാതികളുമാണ് സർക്കാരിന് മുന്നിൽ എത്തിയത്. തൃശൂരിൽ നിന്ന് 54,260 ഉം കോട്ടയത്ത് നിന്നു 42656 ഉം ഇടുക്കിയിൽ നിന്ന് 42234 ഉം കോഴിക്കോട് നിന്ന് 45897 ഉം പരാതികൾ കൂടി സർക്കാരിന് ലഭിച്ചിരുന്നു. ഇതിനു പുറമേ കണ്ണൂരിൽ നിന്ന് 28584 ഉം, കാസർഗോഡ് നിന്ന് 14232 ഉം, വയനാട് 18823 ഉം പരാതികൾ മന്ത്രിസഭയ്ക്ക് മുന്നിലെത്തിയിരുന്നു.

എന്നാൽ ഇതിൽ എത്രത്തോളം പരാതികൾക്ക് പരിഹാരമുണ്ടാക്കി എന്ന വ്യക്തമായ ചിത്രം നൽകുവാൻ ഇനിയും സർക്കാരിന് കഴിഞ്ഞിട്ടില്ല. ലഭിച്ച പരാതികൾ ഒക്കെ ചുവപ്പുനാടയിൽ ഇനിയും ഏറെക്കാലം കുരുങ്ങിക്കിടക്കുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു പരാതി പോലും നേരിട്ട് സ്വീകരിക്കുകയോ പരിഹരിക്കുകയോ ചെയ്യാതെയാണ് നവകേരള സദസ് പൂർത്തിയാക്കിയത്. പരാതി പരിഹരിക്കുന്നതിലുപരിയായി രാഷ്ട്രീയ പ്രചാരണത്തിനും പ്രതിപക്ഷത്തെ വിമർശിക്കാനുമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പ്രാധാന്യം നൽകിയത്.
ഏറെ രാഷ്ട്രീയ വിവാദങ്ങളൾക്കും കലാപകലുഷിതമായ സംഘർഷങ്ങൾക്കും വഴിതുറന്നു എന്നതിലുപരിയായി നവ കേരള സദസിന് പരാതിക്കാരുടെയും സാധാരണക്കാരുടെയും ജീവൽ പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും ഉണ്ടാക്കാന്‍ ആയിട്ടില്ല എന്നു തന്നെതന്നെയാണ് കണക്കുകളും വ്യക്തമാക്കുന്നത്.

Comments (0)
Add Comment