പൗരത്വ ഭേദഗതി നിയമം : അടിച്ചമർത്തല്‍ നടപടികള്‍ക്കിടയിലും വീര്യം ചോരാതെ പ്രതിഷേധം തുടരുന്നു

Jaihind News Bureau
Wednesday, December 25, 2019


പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു. ന്യൂ ഡൽഹിയിൽ നിരോധനാജ്ഞ. ജാമിയ മില്ലിയ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡി ഹൗസിൽ നിന്നും ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പശ്ചിമ ബംഗാളിൽ പ്രതിഷേധക്കാർ ഗവർണറെ തടഞ്ഞു. തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തിൻ മുൻ കേന്ദ്രമന്ത്രി പി ചിദംബരം ഉൾപ്പെടെ എണ്ണായിരത്തോളം പേർക്കെതിരെ കേസെടുത്തു.

ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജാമിയ മില്ലിയ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡി ഹൌസില്‍ നിന്നും ജന്തർ മന്തറിലേക്ക് നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ പ്രതിഷേധക്കാർ മാർച്ച് നടത്തി. അധ്യാപകരും അഭിഭാഷകരും ഉള്‍പ്പെടെ നിരവധി പേര്‍ മാർച്ചില്‍ അണിചേർന്നു.

ഉത്തർപ്രദേശിലെ മീററ്റിലുള്‍പ്പെടെ നിരോധനാജ്ഞ തുടരുകയാണ്. പലയിടത്തും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമാണ്. പശ്ചിമബംഗാളിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ജാദവ്പൂർ സർവകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർ ജഗ്ദീപ് ധന്‍കറെ വിദ്യാർത്ഥികള്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധം കനത്തതോടെ ഗവർണർ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഥ സംഘടിപ്പിച്ചു.

തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധം പൊലീസ് അനുമതി ഇല്ലാതെയാണെന്ന് കാണിച്ച് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തുടങ്ങിയവരുള്‍പ്പെടെ 8,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.