ഡൽഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ആദരമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു മന്‍മോഹന്‍ സിങിന്‍റെ ജന്‍പഥിലെ വസതിയിലെത്തി ആദരമർപ്പിച്ചു. പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ രാവിലെ 11 നായിരിക്കും സംസ്കാരം നടക്കുക. അക്കാദമികലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസം തിളങ്ങിയ അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായകസംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണ് എന്നും ഇന്ത്യന്‍ പ്രസിഡന്‍റ് ദ്രൗപദി മുര്‍മു സമൂഹമാധ്യമത്തില്‍ കുറിച്ചു.