ദേശീയപാത : ആരിഫിന്‍റെ പരാതിയില്‍ അതൃപ്തി ; സിപിഎം ചർച്ച ചെയ്യും

Jaihind Webdesk
Monday, August 16, 2021

 

അരൂർ ചേർത്തല ദേശീയപാത വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ എ.എം ആരിഫ് എം.പിയുടെ നടപടി സിപിഎം ചർച്ച ചെയ്യും. എൽഡിഎഫ് സർക്കാർ നടത്തിയ നിർമ്മാണ പ്രവൃത്തിക്കെതിരെ പാർട്ടിയിലെ എം.പി സ്വീകരിച്ച നിലപാടില്‍ സംസ്ഥാന നേതൃത്വത്തിന് പാരാതി നൽകാനാണ് ഒരു വിഭാഗത്തിന്‍റെ തീരുമാനം. ആരിഫിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് സുധാകര പക്ഷം.

ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ അരൂർ ചേർത്തല ദേശീയപാത പുനഃനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പരസ്യ പ്രസ്താവനയ്ക്കു മുമ്പ് പാർട്ടിയോട് ആലോചിക്കാതെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട എ.എം ആരിഫ് എംപിയുടെ നടപടിയിൽ സിപിഎം സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ട്. ജി സുധാകരനെ കുരുക്കിലാക്കാൻ ശ്രമിച്ച ആരിഫിന്‍റെ നീക്കത്തിന് ഇതോടെ തിരിച്ചടിയായി. ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിൽ ആരിഫിൽ നിന്നും വിശദീകരണം തേടും. പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വിഷയം ഉയർന്നുവരുമെന്ന് ഉറപ്പാണ്.

ഒരു വിഭാഗം ആരിഫിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയോട് ആലോചിക്കാതെ ആരിഫ് പ്രവർത്തിക്കുന്നത് ആദ്യമല്ലെന്നാണ് പ്രധാന ആക്ഷേപം. എം.പി എന്ന നിലയിൽ കത്ത് നൽകിയതിലോ അന്വേഷണം ആവശ്യപ്പെട്ട ആരിഫിന്‍റെ അവകാശത്തെയോ പാർട്ടി അംഗീകരിക്കുന്നു. എന്നാൽ മുമ്പ് തന്നെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയർത്തിക്കൊണ്ടു വന്നതിലും പാർട്ടിയുമായി കൂടിയാലോചിക്കാത്തതിലും ദുരുദ്ദേശം ഉണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സുധാകരൻ വിരുദ്ധ ചേരിയിലെ പ്രധാനിയായ മന്ത്രി സജി ചെറിയാനും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ആരിഫ്. ഇതിൽ ഇനി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടും നിർണായകമാകുക.