ദേശീയപാതാ നിര്‍മ്മാണം: ഒന്നാം പ്രതി നിര്‍മ്മാണ അതോറിറ്റി; സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല- കെ.സി.വേണുഗോപാല്‍

Jaihind News Bureau
Monday, May 26, 2025

റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ഒന്നാം പ്രതി ദേശീയപാത നിര്‍മ്മാണ അതോറിറ്റിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. പക്ഷേ ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും മുന്‍പ് ദേശീയ പാതയുടെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസുമായി ദേശീയപാതാ അതോറിറ്റികള്‍ക്ക് ഒരു ശതമാനം പോലും ബന്ധമില്ലെന്ന് 100% ഉറപ്പുണ്ട്. അവരുടെ ഒത്താശയ്‌ക്കോ ഓശാരത്തിനോ ഒരിഞ്ച് നിന്നവരല്ല ഞങ്ങളാരും. ഏത് കൊമ്പത്തെ നിര്‍മ്മാണ കമ്പനിയാണെങ്കിലും മുഖം നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.

മഴക്കാലം അടുത്തതോടെ ദേശീയപാതാ നിര്‍മാണത്തിലെ അപാകതകള്‍ ദിനംപ്രതി പുറത്തു വന്നുക്കൊണ്ടിരിക്കുകയാണ്. ദേശീയപാതയിലെ വിള്ളലും തകര്‍ച്ചയും സര്‍ക്കാരിനെ കയറാന്‍ കഴിയാത്ത കുഴിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. തികഞ്ഞ അഴിമതിയാണ് നിര്‍മാണക്കമ്പനികള്‍ സര്‍ക്കാര്‍ ഒത്താശയൊടെ നടത്തിയത് എന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ നടന്ന ദുരന്തങ്ങള്‍.