ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി

Jaihind Webdesk
Thursday, May 9, 2019

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് ഇവിടുത്തെ പ്രധാന വിഷയമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയപ്പോഴാണ് മുന്തിയ പരിഗണനാ പട്ടികയില്‍നിന്നു കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അടുത്ത രണ്ടു വര്‍ഷത്തേക്ക് തുടര്‍നടപടികള്‍ അസാധ്യമാക്കുന്ന തരത്തിലാണ് ദേശീയപാതാ അഥോറിറ്റിയുടെ പുതിയ തീരുമാനമുണ്ടായത്.

ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വികസനം തടയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശീയപാത വികസനം അട്ടിമറിച്ച തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.