ദേശീയ ചലച്ചിത്ര പുരസ്കാരം: കീർത്തി സുരേഷ് മികച്ച നടി; ജോജു ജോർജിനും സാവിത്രിക്കും പ്രത്യേക പരാമർശം

66-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എണ്ണത്തിൽ അധികമില്ലെങ്കിലും പുരസ്കാര പ്രഖ്യാപനത്തില്‍ അഭിന്ദനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി മലയാള സിനിമയും കലാകാരന്മാരും. അഞ്ചു ദേശീയ പുരസ്കാരങ്ങളാണ് മലയാള സിനിമയെ തേടിയെത്തിയത്. തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിന് മലയാളി താരം കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. അന്തരിച്ച ക്യാമറാമാൻ എം.ജെ. രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓൾ എന്ന ചിത്രത്തിലെ ദൃശ്യമികവാണ് എം.ജെ. രാധാകൃഷ്ണന് ഈ നേട്ടം സമ്മാനിച്ചത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്‌ഷൻ ഡിസൈനിനുള്ള പുരസ്കാരം ലഭിച്ചു. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈൻ നിർഹിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാ ധുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ധർ ആണ് മികച്ച സംവിധായകൻ. മികച്ച ഫീച്ചർ സിനിമയായി ഗുജറാത്തി ചിത്രം എല്ലാരു തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം സുധാകർ റെഡ്ഢി യെഹന്തിക്കാണ് (ചിത്രം – നാഗ്). മികച്ച ആക്‌ഷൻ, സ്പെഷൽ എഫക്ട്സ് എന്നീ പുരസ്കാരങ്ങൾ കന്നഡ ചിത്രമായ കെജിഎഫ് നേടി. മികച്ച സംഗീത സംവിധായകൻ സഞ്ജയ് ലീല ബൻസാലി (ചിത്രം – പത്മാവത്).

മറ്റു അവാർഡുകൾ:

മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ.

മികച്ച തെലുങ്ക് ചിത്രം: മഹാനടി.

മികച്ച ഹിന്ദി ചിത്രം അന്ധാ ധുൻ.

മികച്ച ആക്‌ഷൻ, സ്പെഷൽ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്കാരം കെജിഎഫിന്.

മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (പത്മാവത്).

മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: കമ്മാരസംഭവം (വിനീഷ് ബംഗ്ലാൻ).

മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ).

മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: പാഡ്മാൻ.

ജനപ്രിയ ചിത്രം: ബദായ് ഹോ.

മികച്ച സൗണ്ട് മിക്സിങ്–രംഗസ്ഥലാം (തെലുങ്ക് ചിത്രം).

പ്രത്യേക ജൂറി പുരസ്കാരം: കേദാര (ബംഗാളി ചിത്രം), എല്ലാരു എന്ന ഗുജറാത്തി ചിത്രത്തിലെ അഭിനയത്തിന് 13 നടിമാർക്കും പ്രത്യേക പുരസ്കാരം

മികച്ച സഹനടൻ : സ്വാനന്ദ് കിർകിരെ, ഛുംബാക്ക്

മികച്ച ബാലതാരം: സമീർ സിങ്, ഹരജീത

മികച്ച പിന്നണി ഗായകൻ: അർജീത്ത് സിങ് (പദ്മാവത്)

മികച്ച പിന്നണി ഗായിക: ബിന്ദു മാലിനി (കന്നഡ)

മികച്ച തിരക്കഥ : ചീ അർജുൻ ലൊ സോ

മികച്ച അവലംബിത തിരക്കഥ: ശ്രീ റാം രാഘവൻ

മികച്ച ശബ്ദലേഖനം (ലൊക്കേഷന്‍ സൗണ്ട് റെക്കോർഡിസ്റ്റ്): ഗൗരവ് വർമ

മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനർ): ബിശ്വജിത് ദീപക് ചാറ്റര്‍ജി

മികച്ച ശബ്ദലേഖനം ( റീ റെക്കോർഡിസ്റ്റ് ): രാധാകൃഷ്ണ

മികച്ച ചിത്രസംയോജനം: നാഗേന്ദ്ര

മികച്ച കോസ്റ്റ്യൂം ഡിസൈൻ: ചിത്രം മഹാനടി

മികച്ച മേക്ക്അപ്: രൻജീത്

മികച്ച പശ്ചാത്തല സംഗീതം: ഉറി

പ്രത്യേക പരാമർശം: ജോജു ജോർജ്, സാവിത്രി, ശ്രുതി ഹരിഹരൻ, ചന്ദ്രചൂഡ് റായ്

വിവിധ വിഭാഗങ്ങളിലായി 31 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 419 ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി സമർപ്പിച്ചിരുന്നത്.

National Film Award 2018
Comments (0)
Add Comment