ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ

Jaihind Webdesk
Monday, July 29, 2019

രാജ്യത്തെ എല്ലാ അണക്കെട്ടുകളുടേയും സുരക്ഷിതത്വത്തിന് പൊതുനടപടികൾ സ്വീകരിക്കാൻ ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. സംസ്ഥാനങ്ങളിൽ പ്രത്യേക സുരക്ഷാസമിതികളും അണക്കെട്ട് സുരക്ഷാസംഘടനയും ഉൾപ്പെടെ ഒട്ടേറെ നിർദേശങ്ങളടങ്ങുന്ന ഡാം സുരക്ഷാ ബിൽ ആണ് ലോക്സഭയിൽ എത്തുന്നത്. സംസ്ഥാനങ്ങളിലെ അണക്കെട്ടുകളുടെ മേൽനോട്ടം, പരിശോധന, നടത്തിപ്പ്, പരിപാലനം തുടങ്ങിയവയെല്ലാം സംസ്ഥാന സുരക്ഷാ സമിതിയുടെ ചുമതലയായിരിക്കും. ഓരോ സംസ്ഥാനവും സംസ്ഥാന അണക്കെട്ട് സുരക്ഷാ സംഘടന രൂപവത്കരിക്കണം. ഇന്ത്യയിൽ 5200 വലിയ അണക്കെട്ടുകളാണ് ഇപ്പോഴുള്ളത്. 450 എണ്ണം നിർമാണത്തിലാണ്. ആയിരക്കണക്കിന് ചെറുകിട, ഇടത്തരം അണക്കെട്ടുകളുമുണ്ട്. ഇവയുടെ സുരക്ഷിത്വത്തിന് നിയമപരമായ സംവിധാനമില്ലാത്ത പശ്ചാത്തലത്തിലാണ് പുതിയ ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വാദം