ഇന്ന് രക്തസാക്ഷിത്വ ദിനം; രാജ്യം മഹാത്മാഗാന്ധിയുടെ പാവന സ്മരണയിൽ

Jaihind Webdesk
Wednesday, January 30, 2019

Gandhi-Samadhi

ഇന്ന് രക്തസാക്ഷിത്വ ദിനം. മാനവ സാഹോദര്യത്തിന്‍റെ ശാക്തീകരണത്തിനായുള്ള മഹായജ്ഞത്തിനിടയിൽ മഹാത്മജി ജീവൻ ബലിയർപ്പിച്ച ദിനം. കടന്നുവരുന്ന ഓരോ രക്തസാക്ഷി ദിനവും നമ്മോടാവാശ്യപ്പെടുന്നത് മനുഷ്യത്വത്തെ മുറുകെപ്പിടിക്കാനാണ്.

മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യൻ എക്കാലവും ലോകത്തിന് ഒരത്ഭുതമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും കഷ്ടപ്പെടുന്ന ജനസമൂഹത്തിനുമായി സ്വയം സമർപ്പിതമായ വ്യക്തിത്വം. ആ കർമ്മകാണ്ഡത്തെ ലോകം അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കണ്ടത്. ചിതറിക്കിടന്നിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയ എളിയ മനുഷ്യൻ. ഗാന്ധിജി എന്ന മഹാത്മാവിന്‍റെ സമരവീര്യത്തിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സിംഹഗർജ്ജനം മുഴക്കി ഇന്ത്യ സ്വാതന്ത്ര്യമെന്ന പ്രാണൻ സ്വായത്തമാക്കിയത്. തന്‍റെ ജീവിതംകൊണ്ട് ലോകത്തിനായി ഒട്ടേറെ സന്ദേശങ്ങൾ അദ്ദേഹം കരുതിവച്ചു.

ഹിംസയെ അഹിംസയുടെ തെളിനാളം കൊണ്ട് ജയിക്കാമെന്ന സമരായുധം പ്രാവർത്തികമാക്കിയപ്പോൾ ലോകം ഗാന്ധിജിയെന്ന നേതാവിന്റെ ഹൃദയശക്തികൂടിയാണ് തിരിച്ചറിഞ്ഞത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഹൃദയം സംഘർഷങ്ങളാൽ കലുഷിതമായപ്പോഴും മുറിവുണക്കാൻ മനുഷ്യത്വത്തിന്റെ ആ മൂർത്തീരൂപം അഹോരാത്രം പ്രയത്‌നിച്ചു. സത്യനിഷ്ഠയുടെ വഴിയിൽ അനുഗാമിയില്ലാത്ത പഥികൻ ശത്രുവായി ആരെയും കണ്ടില്ല. എന്നിട്ടും മഹാത്മജിയുടെ നെഞ്ചിലേക്ക് നാത്തൂറാം വിനായക് ഗോഡ്‌സെയെന്ന അതിവൈകാരികതയുടെ നിറതോക്ക് തീ തുപ്പിയപ്പോൾ ഒരു രാഷ്ട്രത്തിന്‍റെ മനസ്സൊന്നാകെയാണ് തേങ്ങിയത്. മനുഷ്യത്വത്തിന്റെ മാത്രം വക്താവായ ഗാന്ധിയെന്ന മഹാനുഭാവനെ അതോടെ നിശ്ശബ്ദനാക്കാമെന്ന് വിചാരിച്ചവർക്ക് തെറ്റി. അതിവൈകാരികതയുടെ വിഷവിത്തുകൾ ഇന്ത്യയുടെ ഗ്രാമ്യഹൃദയങ്ങളെ മുറിവേൽപ്പിക്കാനൊരുങ്ങുമ്പോഴൊക്കെ ഗാന്ധിയെന്ന ഒറ്റനാമം കോടാനുകോടി ഹൃദയമന്ത്രങ്ങളായി ഉയരുന്നു. മഹാത്മാ ഗാന്ധി എന്ന മനുഷ്യൻ കേവലം ഒരു വ്യക്തിയല്ല, ഭാരതമെന്ന മഹാരാജ്യത്തിന്‍റെ വികാരം തന്നെയാണ്. എങ്കിലും 1948 ജനുവരി 30ന് രാജ്യത്തിനായി ജീവൻ വെടിഞ്ഞ ആ മഹാത്മാവിന്‍റെ ആഗ്രഹത്തിനൊത്ത് ഉയരാൻ ഇന്നും നമ്മുടെ രാജ്യത്തിനായിട്ടില്ലല്ലോ എന്ന ഓർമപ്പെടുത്തലോടെ ….[yop_poll id=2]