പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനവും കഴിഞ്ഞു; തെരെഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി രാജ്യം

Jaihind Webdesk
Friday, February 15, 2019

Congress-BJP

പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി രാജ്യം. തെരെഞ്ഞെടുപ്പു കമ്മീഷന്‍റെ വിജ്ഞാപനത്തിന് കാതോർത്ത് എല്ലാ കക്ഷികളും അങ്കത്തിന് കച്ചമുറുക്കുമ്പോൾ ബി.ജെ.പിക്ക് തുണയായി മോദി തരംഗമില്ല. റഫാൽ ഇടപാടിലെ അഴിമതി രാജ്യമാകെ ചർച്ച ചെയ്യുമ്പോൾ മോദിയുടെ ദുർഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

അഞ്ച് വർഷത്തെ ഭരണനിർവ്വഹണത്തിൽ എടുത്തു പറയാൻ നേട്ടങ്ങളില്ലാതെ ബി.ജെ.പിയും മോദി- അമിത്ഷാ സഖ്യവും ഉത്തരം മുട്ടുമ്പോൾ രാജ്യത്താകെ മോദി വിരുദ്ധ തരംഗമാണ് അലയടിക്കുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കലിലെ പാളിച്ചകൾ എന്നിവ ഭരണപരാജയം വ്യക്തമാക്കുമ്പോൾ റഫാൽ ഇടപാട് വിരൽ ചൂണ്ടുന്നത് കോടികളുടെ അഴിമതിയിലേക്കാണ്. അധികാരത്തിലേറുമ്പോൾ മോദിയും സംഘവും രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒരെണ്ണം പോലും പാലിക്കപ്പെട്ടിട്ടില്ല. കള്ളപ്പണം കണ്ടെത്താൻ കൊണ്ടുവന്ന നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുകയും ചെയ്തു.

കോടികളുടെ വായ്പയെടുത്ത് വമ്പൻ കോർപ്പറേറ്റുകൾ രാജ്യം വിട്ടപ്പോൾ അവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കാതെ സമ്പന്നർക്ക് കുട പിടിക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. ഇതിനു പുറമേ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളും സി.ബി.ഐ അടക്കമുള്ള വിവിധ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് അവയുടെ വിശ്വാസ്യത പാടെ നഷ്ടപ്പെടുത്തുന്ന തരംതാണരീതിയും മോദിയും അമിത് ഷായും തുടരുകയാണ്. തെരെഞ്ഞെടുപ്പു അടുത്തതോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യങ്ങളിലേക്ക് പൊതുസമൂഹവും എത്തിക്കഴിഞ്ഞു. ഉത്തർ പ്രദേശ് അടക്കമുള്ള ഹിന്ദിഹൃദയ ഭൂമിയിൽ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പും രാജ്യം ഉറ്റുനോക്കുകയാണ്.

നേരിന്റെ പക്ഷത്തു നിന്ന് പടനയിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം ദേശീയ- പ്രാദേശിക കക്ഷികൾ കൂടി എത്തുന്നതോടെ ബി.ജെ.പിയുടെ നില കൂടുതൽ പരുങ്ങലിലാവും. നുണപ്രചാരണവും അസഹിഷ്ണുതയും ഇളക്കി വിട്ട് കപട വാഗ്ദാനങ്ങൾ നൽകി തെരെഞ്ഞെടുപ്പിൽ വിജയം നേടാനുള്ള ശ്രമം ബി.ജെ.പി നടത്തുമ്പോൾ സാധാരണക്കാർക്കൊപ്പം നിലയുറപ്പിച്ച് കോൺഗ്രസ് ബഹുദൂരം മുന്നേറിക്കഴിഞ്ഞു.[yop_poll id=2]