കശ്മീരിൽ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അഭിജിത്തിന് ജന്മനാടിന്‍റെ യാത്രാമൊഴി

Jaihind News Bureau
Wednesday, October 16, 2019

കശ്മീരിൽ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാൻ കൊല്ലം അഞ്ചൽ ഇടയം സ്വദേശി അഭിജിത്തിന് ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.  മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ശ്രീനഗറിൽ നിന്നും ഡൽഹി വഴി തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരിരം ഇന്ന് രാവിലെയാണ് ജന്മനാടായ അഞ്ചൽ ഇടയത്ത് കൊണ്ടുവന്നത്.

കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഒട്ടേറെ പേർ വിലാപയാത്രയെ അനുഗമിച്ചു. ഇടയം ഗവ. എൽ. പി. സ്കൂളിലും പിന്നിട് ശ്രീനാരായണ ഹാളിലും പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യഞ്ജലി അർപ്പിച്ചു .

തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം12 മണിയോടെ മതാചാര പ്രകാരമുള്ള ചടങ്ങുകൾക്കുശേഷം പൂർണ ഔദ്യോഗിക സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു .

ഭൗതിക ശരീരത്തിലണിയിച്ച ദേശീയപതാക മാതാവ് ശ്രീകല ഏറ്റുവാങ്ങി. തിങ്കളാഴ്ച പുലർച്ചെ കശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് അഭിജിത്ത് കൊല്ലപ്പെട്ടത്.