പൗരത്വം തെളിയിക്കേണ്ടി വരും; ആധാറിന് പുറമെ പുതിയ കാര്‍ഡ് വരുന്നു; പ്രദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ തരംതിരിക്കും

Jaihind Webdesk
Monday, September 23, 2019

Amit-Shah

രാജ്യത്തെ ജനങ്ങള്‍ക്ക് ആധാറിന് പുറമേ പുതിയ തിരിച്ചറിയല്‍ രേഖ നടപ്പാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യ കണക്കെടുപ്പ് എളുപ്പമാക്കുന്നതിനായി മൊബൈല്‍ ആപ്പ് സംവിധാനവും ഏര്‍പ്പെടുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് തന്റെ പുതിയ പദ്ധതിയെക്കുറിച്ച് അറിയിച്ചത്.
2021ലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക.

ആധാർ, പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡാവും ഇത്. മരണം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും പുതായി ക്രമീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ‘വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു തിരിച്ചറിയൽ രേഖ കൊണ്ടുവരാനുള്ള പദ്ധതി ഞങ്ങളുടെ പക്കലില്ല, പക്ഷേ ഇത് ഒരു സാദ്ധ്യതയാണ്.’ അമിത് ഷാ പറഞ്ഞു. അസമിൽ നടത്തിയതുപോലെ രാജ്യമൊട്ടാകെ പൗരത്വ പട്ടിക പുതുക്കാനുള്ള ഒരു സാദ്ധ്യതയാണ് അമിത്ഷായുടെ വാക്കുകളിലുള്ളത് എന്നാണ് സൂചന. ഒരു പൗരന്റെ രജിസ്റ്റർ പ്രാപ്തമാക്കുന്നതിനുള്ള നിയമം ഇതിനകം തന്നെ നിലവിലുണ്ട്. എല്ലാ പൗരന്മാരെയും നിർബന്ധമായി രജിസ്റ്റർ ചെയ്യാനും വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയൽ കാർഡുകൾ നൽകാനും പൗരത്വ നിയമം കേന്ദ്രത്തിന് അധികാരം നൽകുന്നുണ്ട്. ഇത് നടപ്പിലാക്കാൻ ആദ്യം സർക്കാർ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ടാമതായി ജനങ്ങൾ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടിയും വരും.

പൗരത്വ രജിസ്റ്ററിന്റേയോ തിരിച്ചറിയൽ കാർഡിന്റെയോ പ്രവർത്തനത്തെക്കുറിച്ച് അമിത് ഷാ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വ്യക്തികളെ അവരുടെ താമസസ്ഥലം അനുസരിച്ച് പട്ടികപ്പെടുത്തുന്ന ദേശീയ രജിസ്റ്റർ ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും വികസന പദ്ധതികൾക്കും സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, തീവ്രവാദം തടയുന്നതിനെന്ന പേരിൽ വ്യക്തിവിവരങ്ങൾ പൂർണമായും ശേഖരിക്കുന്ന ദേശീയ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) 2020 ജനുവരിയോടെ നിലവിൽവരുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. പൗരന്മാരുടെ വിമാന- ട്രെയിൻ യാത്ര, ഫോൺ വിളികൾ, ബാങ്ക് ഇടപാടുകൾ, ക്രെഡിറ്റ് കാർഡുപയോഗം, നികുതിവിവരങ്ങൾ തുടങ്ങിയവയെല്ലാം നാറ്റ്ഗ്രിഡിൽ ശേഖരിക്കും.